News Desk

2021-03-06 12:02:31 pm IST
ദോഹ: മോശം ജീവിത ശൈലിയും വ്യായാമക്കുറവും മൂലം രാജ്യത്ത് സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. മറിയം അല്‍ മാസ് ആണ് ഇക്കാര്യം പറഞ്ഞത്. 

രാജ്യത്ത് സ്തനാര്‍ബുദത്തിനും മലദ്വാര അര്‍ബുദത്തിനും ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. തൈറോയിഡ് കാന്‍സറും രാജ്യത്ത് വളരെയധികം പ്രബലമാണ്. 

രോഗ ലക്ഷണമുള്ളവര്‍ നേരത്തെ തന്നെ ചികിത്സ നേടുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. രാജ്യത്ത് സ്ത്രീകള്‍ തങ്ങളുടെ ശാരീരിക ആരോഗ്യം വളരെ കരുതലോടെ ശ്രദ്ധിക്കുന്നതില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകരുത്. 

രോഗ ലക്ഷണങ്ങളുള്ളവര്‍ 107 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആരോഗ്യ വിദഗ്ധനുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കാന്‍ സാധിക്കുന്നതാണ്. കൊവിഡ് പ്രോട്ടോകോള്‍ നില നില്‍ക്കുന്നതിനാല്‍ ടെലിഫോണിലൂടെയും അധികൃതര്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നതാണെന്നും ഡോ. മറിയം അല്‍ മാസ് ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top