News Desk

2021-05-20 11:28:41 am IST

ന്യൂഡല്‍ഹി: മുലയൂട്ടുന്ന എല്ലാ അമ്മമാര്‍ക്കും കൊവിഡ് വാക്‌സിന്‍ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് നെഗറ്റീവായവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ എടുക്കാമെന്നും കേന്ദ്രം അറിയിച്ചു.

മുലയൂട്ടുന്ന എല്ലാ അമ്മമാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന ദേശീയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. മുലയൂട്ടുന്ന അമ്മമാരേയും അവരുടെ കുഞ്ഞുങ്ങളേയും കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ വാക്‌സിന്‍ നല്‍കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ പഠനങ്ങളുടെ പിന്‍ബലമില്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇന്ത്യയില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും തുടങ്ങിയിട്ടില്ല. ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഗര്‍ഭിണികളില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്. പല രാജ്യങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇന്ത്യയില്‍ അത്തരം പഠനങ്ങള്‍ പുറത്തുവന്നിട്ടില്ല.

കൊവിഡ് ബാധക്ക് ശേഷം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവായാല്‍ രക്തദാനം ചെയ്യാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം കൊവിഡ് ബാധിച്ചാല്‍ നെഗറ്റീവായതിന് ശേഷം മൂന്ന് മാസം കഴിഞ്ഞ് മാത്രമേ രണ്ടാം ഡോസ് സ്വീകരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top