News Desk

2021-04-09 06:57:57 pm IST

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു.  ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ വിന്‍ഡ്‌സര്‍ കാസ്റ്റിലില്‍വെച്ചാണ് അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടു. കൊവിഡ് ബാധയെ തുടര്‍ന്നല്ല രാജകുമാരന്‍ ആശുപത്രിയില്‍ കഴിയുന്നതെന്ന് രാജകുടുംബം വ്യക്തമാക്കിയിരുന്നു.

ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങള്‍ മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ്പ് രാജകുമാരന്‍ മൂന്നു വര്‍ഷത്തോളമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. രാജ്ഞിയും രാജകുമാരനും മാര്‍ച്ചില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഗ്രീക്ക്- ഡാനിഷ് കുടുംബത്തില്‍ 1921-ന് ആണ് ഫിലിപ്പ് രാജകുമാരന്‍ ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. 1947-ല്‍ ആണ് ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്. ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്' എന്നാണ് ഫിലിപ്പ് രാജകുമാരനെ വിശേഷിപ്പിക്കുന്നത്.

എലിസബത്ത്-ഫിലിപ്പ് ദമ്പതികള്‍ക്ക് ചാള്‍സ് രാജകുമാരന്‍, അന്നാ രാജകുമാരി, ആന്‍ഡ്രു രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍ എന്നീ നാല് മക്കളും എട്ട് പേരക്കുട്ടികളും 10 പേരക്കുട്ടികളുടെ മക്കളും ഉണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top