ജംഷീന മുല്ലപ്പാട്ട്

2020-10-06 03:34:36 pm ISTഇന്ത്യയില്‍ നടക്കുന്ന ലൈംഗികാക്രമണങ്ങള്‍ക്കുള്ള പ്രധാന കാരണം ബ്രാഹ്മണിക് ജാതിബോധമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് ഹാത്രാസിലെ കൂട്ട ബലാത്സംഗം. നാല് ഠാകുര്‍ പുരുഷ•ാരുടെ ലൈംഗികാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരി ദലിത് പെണ്‍കുട്ടിയുടെ ദാരുണാനുഭവം രാജ്യത്തിന്റെ ചില കോണുകളെയെങ്കിലും പിടിച്ചുലയ്ക്കിയിട്ടുണ്ട്. കൊവിഡില്‍ ഭയപ്പെടാതെ ജനങ്ങളും രാഷ്ട്രീയ സംഘടനകളും തെരുവില്‍ പ്രതിഷേധത്തിലുമാണ്. 

നാക്ക് മുറിക്കപ്പെട്ട്, നട്ടെല്ല് തകര്‍ക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.പുല്ലരിയാന്‍ അമ്മയോടൊപ്പം പോയതായിരുന്നു പെണ്‍കുട്ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടി മരണപ്പെടുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നും ഗ്രാമത്തിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്തത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയാണുണ്ടായത്. 

തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൊലീസ് പ്രദേശത്ത് അടിയന്താവസ്ഥ പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കോ, രാഷ്ട്രീയ നേതാക്കള്‍ക്കോ ഗ്രാമത്തിലേക്കോ, പെണ്‍കുട്ടിയുടെ വീട്ടിലേക്കോ എത്താന്‍ സാധിക്കാത്ത വിധത്തില്‍ പൊലീസ് നിലയുറപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വന്‍ പൊലീസ് കൂട്ടം തടഞ്ഞു. രാഹുല്‍ ഗാന്ധിയെ നിലത്തിട്ട് ചവിട്ടി, മര്‍ദ്ദിച്ചു, പ്രിയങ്കയുടെ ചുരിദാറില്‍ പിടിച്ചു വലിച്ചു. ഒടുവില്‍ രണ്ടാം തവണ കനത്ത പ്രതിശേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് രാഹുലിനും പ്രിയങ്കയ്ക്കും പെണ്‍കുട്ടിയുടെ വീട്ടിലെത്താനായത്. ഇതിനിടയില്‍ പെണ്‍കുട്ടി ലൈംഗിക ആക്രമണങ്ങള്‍ക്കിരയായിട്ടില്ല എന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല എന്നാണ് വനിതാ കമ്മീഷനും പ്രസ്താവിച്ചത്. 

ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യത്തിലെ ഒരു സംസ്ഥാനത്തിലെ കാര്യങ്ങളെ കുറിച്ചാണ് ഈ പറയുന്നത്. 

ഇന്ത്യയില്‍ ജാതി, പുരുഷാധിപത്യത്തിന്റെ അധികാര പ്രയോഗമാണ് ബലാത്സംഗം. ദലിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് സവര്‍ണര്‍ വിശ്വസിക്കുന്നത്. കീഴാള ജനത അടിമകളാണെന്ന് സ്വയമുറപ്പിക്കാന്‍ കൂടിയാണ് സവര്‍ണരുടെ
ലൈംഗികമായ കീഴ്‌പ്പെടുത്തലുകള്‍. ജാതി വ്യവസ്ഥയെ എതിര്‍ക്കുന്നവരെ നിശ്ശബ്ദമാക്കാന്‍ ബലാത്സംഗമെന്ന ആയുധം യു.പി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പതിവാണെന്ന്, ദലിത് ആക്രമങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ പ്രഫ. അശോക് സ്വെയ്ന്‍ സമര്‍ത്ഥിക്കുന്നുണ്ട്. മേല്‍ജാതി സ്വാധീനവും അധികാരവുമുപയോഗിച്ച് ഇത്തരം ആക്രമണങ്ങളെ അട്ടിമറിക്കാമെന്നും സവര്‍ണര്‍ക്കറിയാം.

യോഗി ആദിത്യനാഥ് 2017-ല്‍ അധികാരത്തിലേറിയതിനു ശേഷം ആദ്യം നടത്തിയ പ്രഖ്യാപനം സാമൂഹികവിരുദ്ധ ശക്തികളെ തുരത്താനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമായി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്നാണ്. എന്നാല്‍ 2020 ആയപ്പോഴേക്കും ബലാത്സംഗ, കൊലപാതക കേസുകള്‍ക്ക് യു.പിയില്‍ കുറവില്ലെന്നു മാത്രമല്ല, യോഗിയുടെ ഭരണത്തില്‍ അത് കൂടുതല്‍ രൂക്ഷമാവുകയാണ്.

ദലിതുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 2018-2019 കാലഘട്ടത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്റെ അടുത്തുചെന്ന പരാതികളില്‍ 44 ശതമാനവും യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്നു മാത്രമാണ്. യോഗിക്ക് കീഴില്‍ ദലിത് വിരുദ്ധ കുറ്റകൃത്യങ്ങളില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ഓരോ ദിവസവും 32 കേസുകളെങ്കിലും ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെങ്കില്‍ യഥാര്‍ഥ കണക്കുകള്‍ എത്രയായിരിക്കും!

നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകളില്‍ 2016-നും 19-നും ഇടയില്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ 20 ശതമാനം വര്‍ധിച്ചിരിക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ ഏറ്റവും അരക്ഷിതരായ സംസ്ഥാനമാണ് യു.പി. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 3,946 ബലാത്സംഗ കേസുകളില്‍ ഇരകളായ 4322 പേരില്‍ 1411 ഉം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു. പോസ്‌കോ നിയമപ്രകാരം 5401 കേസുകളാണ് 2018-ല്‍ രജിസ്റ്റര്‍ ചെയ്തത്. 2444 കേസുകള്‍ സ്ത്രീധനപീഡന മരണങ്ങളായിരുന്നു. ദലിത് വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 27.9 ശതമാനം വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.

ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെയൊന്നാകെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെങ്കാര്‍ ഇല്ലാതാക്കിയ സംഭവം തലക്കെട്ടായി വന്നിട്ട് കാലമേറെയായിട്ടില്ല. 2019-ല്‍ ബലാത്സംഗത്തിനിരയായ സ്ത്രീയെ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തീകൊളുത്തി കൊന്നതും ഉന്നാവില്‍ തന്നെ. 

ഹത്രാസിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട അതേ ദിവസം ബല്‍റാംപുരില്‍ 22 വയസ്സുള്ള ദലിത് യുവതിയും ബലാത്സംഗക്കൊലക്കിരയായി. ബുലന്ദ്ഷഹറില്‍ അയല്‍വാസി യുവാവിനാല്‍ ബലാത്സംഗത്തിനിരയായ 14 വയസ്സുള്ള ബാലിക ചികിത്സയിലാണിപ്പോള്‍. ബലാത്സംഗത്തിനു ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് എരിച്ചു കളഞ്ഞ 13 വയസ്സുള്ള ബാലികയുടെ മൃതദേഹം ലഖിംപുര്‍ ഖേരിയിലെ കരിമ്പുപാടത്തുനിന്ന് കണ്ടുകിട്ടിയത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്. 

അതേദിവസം തന്നെ യോഗിയുടെ നാടായ ഗോരഖ്പുരില്‍ ഒരു ബാലിക ബലാത്സംഗത്തിനിരയായി. ബോധരഹിതയായി കണ്ടെത്തിയ അവളുടെ ദേഹത്താകമാനം സിഗരറ്റ് കുറ്റികള്‍കൊണ്ട് തീപൊള്ളലേല്‍പ്പിച്ചിരുന്നു ആക്രമികള്‍. രണ്ടുനാള്‍ മുമ്പ് കാണാതായ 17-കാരിയുടെ കത്തിയെരിഞ്ഞ മൃതദേഹം ഭദോഹിയില്‍നിന്ന് കണ്ടെത്തി. ഹാപ്പുരില്‍ ആക്രമണത്തിനിരയായത് ആറു വയസ്സുള്ള ബാലികയാണ്. 12 മണിക്കൂറിനു ശേഷം കണ്ടെത്തിയ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നു.

യു.പിയില്‍ മാത്രമല്ല, ദേശീയ വനിത കമീഷന്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ വലിയ വര്‍ധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേശീയ കമീഷന്‍ രജിസ്റ്റര്‍ ചെയ്ത 19279 കേസുകളില്‍ 11287 എണ്ണവും യു.പിയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുനിന്നുള്ള കേസുകള്‍ 8454 എണ്ണമായിരുന്നു, അതായത് മൊത്തം കേസുകളുടെ 55 ശതമാനം.

തീവ്രഹിന്ദുത്വവാദം നിഴലിക്കുന്ന പരാമര്‍ശങ്ങളാണ് 45 കാരനായ യോഗിയെ ബി.ജെ.പിയില്‍ ശ്രദ്ധേയനാക്കിയത്. ഹനുമാന്‍ ദളിതനായിരുന്നുവെന്ന് ഒരിക്കല്‍ പറഞ്ഞു വിവാദം സൃഷ്ടിച്ചു. ഇന്ത്യയെ ക്രൈസ്തവവല്‍ക്കാരിക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി വന്നവരാണ് മദര്‍ തെരേസ, സേവനത്തിന്റെ പേരില്‍ ഹിന്ദുക്കളെ മതം മാറ്റുകയായിരുന്നു അവര്‍ എന്നായിരുന്നു മറ്റൊരു പ്രയോഗവും നിലപാടും. 2013 ഡിസംബറില്‍ ഉത്തര്‍ പ്രദേശിന്റെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമമായ ബല്‍റാംപൂരില്‍ നടത്തിയ റാലിയില്‍, 'മുസ്ലീങ്ങള്‍ ഭീകരവാദികളെ അവരുടെ സംരക്ഷകരായി കാണുന്നു എന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒന്നിക്കണം. ജാഗരൂകരായി ഇരിക്കണം. ആവശ്യമെന്നു തോന്നുന്നിടങ്ങളിലൊക്കെ മുസ്ലീങ്ങളെ സധൈര്യം എതിര്‍ക്കണം'. ഈ നിലപാടുകള്‍ക്കെല്ലാം ബി.ജെ.പി പരസ്യ അംഗീകാരം നല്‍കുന്നത് കൂടിയായിരുന്നു യോഗിയുടെ മുഖ്യമന്ത്രി പദം.

മോദിക്ക് ശേഷം ബി.ജെ.പി പ്രധാനമന്ത്രിപദത്തിലേയ്ക്ക് കാത്തുവെച്ചിട്ടുള്ള നേതാവാണ് യോഗി ആദിത്യനാഥ്. അതുകൊണ്ട് തന്നെ യോഗി സ്വീകരിക്കുന്ന തീവ്രഹിന്ദുത്വ നിലപാടുകളെ സംഘപരിവാറും ബി.ജെ.പിയും കണ്ണുംപൂട്ടി പിന്തുണയ്ക്കുന്നു. ഇങ്ങനെയുള്ള വിഷം കലര്‍ത്തിയ പിന്തുണകളാണ് യോഗി ഉത്തര്‍പ്രദേശിലെ അനുഭാവികള്‍ക്ക് പകര്‍ന്നുനല്‍കുന്നതും. ഇങ്ങനെ നല്‍കുന്ന വെറിയാണ് സവര്‍ണര്‍ ദലിതര്‍ക്കെതിരെ പ്രയോഗിക്കുന്നതും. 

ഇതിനെതിരെ നിരന്തരമായി സംസാരിച്ചും സവര്‍ണ, ജാതി, പുരുഷാധിപത്യ വ്യവസ്ഥകളോട് നിരന്തരം കലഹിച്ചുകൊണ്ടുമല്ലാതെ നീതി സാക്ഷാത്കരിക്കപ്പെടില്ല. സവര്‍ണ മേല്‍ക്കോയ്മയെ രാഷ്ട്രീയമായും സാമൂഹികമായും വെല്ലുവിളിച്ചുകൊണ്ടല്ലാതെ ദലിത് അരക്ഷിതാവസ്ഥ ഇല്ലാതാക്കുക അസാധ്യവുമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top