News Desk

2021-06-10 11:37:32 am IST

ദോഹ: കൊവിഡില്‍നിന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ (ബി.എസ്.ഐ) ബഹുമതിയാണ് ഖത്തറിനെ വീണ്ടും തേടിയെത്തിയിരിക്കുന്നത്. 

കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും ചട്ടങ്ങളും ശാസ്ത്രീയമായും ഉന്നതനിലവാരത്തിലും പാലിക്കുന്നതിനാലാണ് ബഹുമതി. ഇന്‍ര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് (ഐ.സി.എ.ഒ) കീഴിലെ സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് (സി.എ.ആര്‍.ടി കാര്‍ട്) പുറപ്പെടുവിച്ച കൊവിഡ് ശുചിത്വനടപടികളും സുരക്ഷാചട്ടങ്ങളും കൃത്യമായി പാലിക്കപ്പെട്ടുവെന്നതാണ് ബഹുമതി രണ്ടാമതും നേടാന്‍ കാരണമായത്. 

നിരവധി രാജ്യാന്തര അവാര്‍ഡുകളും ബഹുമതികളും ഇതിനകം കരസ്ഥമാക്കിയ വിമാനത്താവളത്തിലൂടെ ഇതുവരെയായി 200 മില്യണ്‍ യാത്രക്കാരാണ് കടന്നുപോയത്. 13 മില്യണ്‍ ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കകം തന്നെ ഹമദ് പേരെടുത്തിട്ടുണ്ട്.

അതേസമയം, തങ്ങളുടെ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതാണ് ബി.എസ്.ഐ പോലുള്ള ബഹുമതികളെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. ജീവനക്കാരുടേയും അധികൃതരുടേയും പ്രയത്‌നവും പിന്തുണയുമാണ് ബഹുമതിക്ക് അര്‍ഹമാക്കിയത്.

കൊവിഡ്-19 വിമാനത്താവള റേറ്റങ്ങില്‍ സ്‌കൈട്രാക്‌സ് ഫൈവ് സ്റ്റാര്‍ ബഹുമതി നേടിയ മധ്യപൂര്‍വേഷ്യയിലേയും ഏഷ്യയിലേയും ഏക വിമാനത്താവളവും ഒന്നാമത്തേതുമാണ് ഹമദ് വിമാനത്താവളം. കൂടാതെ കൊവിഡ് മഹാമാരിക്കാലത്തും ഖത്തര്‍ എയര്‍വെയ്‌സ് പിന്തുണയോടെ ഇടതടവില്ലാതെ ചരക്കുഗതാഗതം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞ വിമാനത്താവളമെന്ന പ്രത്യേകതയും ഹമദിനുണ്ട്. 

യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ട്. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്മാര്‍ട്ട് തെര്‍മല്‍ ഹെല്‍മറ്റുകളാണ് ഉപയോഗിക്കുക. യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താതെതന്നെ ശരീരോഷ്മാവ് പരിശോധിക്കാന്‍ ഇത് സഹായിക്കും.

ടെര്‍മിനലില്‍ പലയിടങ്ങളിലായി ഹാന്‍ഡ് സാനിറ്റൈസര്‍, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ടച്ച് പോയന്റുകളില്‍ സാനിറ്റൈസേഷന്‍, ബാഗേജ് ട്രോളികള്‍ നിരന്തരമായി അണുമുക്തമാക്കല്‍, ബാഗേജ് കടന്നുപോകുന്ന ടണല്‍ യുവി വഴി അണുമുക്തമാക്കല്‍, അണുമുക്തമാക്കാനായി റോബോട്ടുകള്‍, അകലം പാലിക്കാനുള്ള പ്രത്യേക അടയാളങ്ങള്‍, ക്യൂവിന് പ്രത്യേക സംവിധാനം, ഡിജിറ്റല്‍ ഒപ്പ്, സീറ്റില്‍ അകലം പാലിക്കാനുള്ള സജ്ജീകരണം തുടങ്ങിയ അനേകം നടപടികളാണ് ഹമദ് വിമാനത്താവളത്തില്‍ നടപ്പാക്കിയത്. ബാഗേജ് സ്‌ക്രീനിങ്, എവിടെയും തൊടാതെ കയറിപ്പോകാവുന്ന ഇലവേറ്ററുകള്‍, പണം നേരില്‍ നല്‍കാതെയുള്ള പേമെന്റ് സംവിധാനം തുടങ്ങിയവയുമുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top