News Desk

2021-03-13 06:31:01 pm IST
കൊളംബോ: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെ മുഖം മറയ്ക്കുന്ന ഇസ്ലാമിക വസ്ത്രധാരണ രീതിയായ 'ബുര്‍ഖ' നിരോധിക്കാനൊരുങ്ങി ശ്രീലങ്ക.

ദേശീയ സുരക്ഷ പരിഗണിച്ച് ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ശ്രീലങ്കന്‍ പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര വ്യക്തമാക്കി.

ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനു പുറമ രാജ്യത്തെ ആയിരത്തിലധികം ഇസ്ലാമിക സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്ക ബുര്‍ഖ നിരോധിക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ലെന്നും അടുത്തിടെ വന്ന മതതീവ്രവാദത്തിന്റെ ഭാഗമാണ് ബുര്‍ഖയെന്നും അദ്ദേഹം ആരോപിച്ചു. 

ബുര്‍ഖ തീര്‍ച്ചയായും നിരോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്യാബിനറ്റ് അനുമതി നല്‍കിയ രേഖ ഉള്‍പ്പെടെയായിരുന്നു മന്ത്രി വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

മുന്‍പ് കൊവിഡ് ബാധിതരായി മരിക്കന്ന ഇസ്ലാം മത വിശ്വാസികളെ മതാചാരപ്രകാരം അടക്കം ചെയ്യുന്നതിനു പകരം നിര്‍ബന്ധമായി ദഹിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ വിവാദമായിരുന്നു. 

എന്നാല്‍ യു.എസും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ 2019ല്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ബുര്‍ഖയ്ക്ക് താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പള്ളിയ്ക്കുള്ളിലും ഹോട്ടലുകളിലുമായി നടന്ന ഭീകരാക്രമണത്തില്‍ 250ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്. 

ഇതിനു പിന്നാലെയായിരുന്നു പ്രസിഡന്റ് ഗോതബായ രാജപക്‌സ തീവ്രവാദം അടിച്ചമര്‍ത്തുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ശ്രീലങ്കയുടെ വടക്കന്‍ മേഖലയിലുണ്ടായിരുന്ന ആഭ്യന്തര കലഹം അടിച്ചമര്‍ത്തിയ ഗോതബായ രാജപക്‌സയ്‌ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കമുള്ള ആരോപണങ്ങളുണ്ട്. 

അതേസമയം, ദേശീയ വിദ്യാഭ്യാസനയം ലംഘിച്ച ആയിരത്തിലധികം ഇസ്ലാമിക സ്‌കൂളുകള്‍ അടിച്ചമര്‍ത്തുമെന്നാണ് മന്ത്രി വീരശേഖര മാധ്യമങ്ങളെ അറിയിച്ചത്. സ്‌കൂള്‍ തുറന്ന് കുട്ടികളെ എന്തും പഠിപ്പിക്കാവുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top