News Desk

2021-03-07 10:18:23 am IST

ദോഹ: ഖത്തറിലെ ലുസെയ്ല്‍ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്ററില്‍ തിരക്കേറുന്നു. കൊവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനു മാത്രമുള്ള കേന്ദ്രമാണിത്. ആംബുലന്‍സ് സേവനം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളാണ് ഇവിടെയുള്ളതെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.യൂസഫ് അല്‍ മസ്‌ലമണി പറഞ്ഞു. 

സ്ത്രീകളാണ് കേന്ദ്രത്തില്‍ കൂടുതലെത്തുന്നത്. സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കിയാണ് വാക്സിന്‍ നല്‍കുന്നതും. ലുസെയ്ല്‍ മള്‍ട്ടിപര്‍പ്പസ് ഹാളിന് സമീപത്തെ ഡ്രൈവ്-ത്രൂ കേന്ദ്രം രാവിലെ 11.00 മുതല്‍ രാത്രി 10.00 വരെയാണ് പ്രവര്‍ത്തിക്കുന്നത്. 

വാക്സിന്‍ ആദ്യ ഡോസ് എടുക്കുന്നതിന് മുന്‍പായി രോഗിയുടെ ആരോഗ്യവിവരങ്ങള്‍ വിശദമായി ചോദിച്ചറിയേണ്ടതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ കൈവശമുള്ളതിനാല്‍ രണ്ടാമത്തെ ഡോസെടുക്കുമ്പോള്‍ അധികസമയം ആവശ്യമില്ല. 

ആദ്യ ഡോസെടുക്കുമ്പോള്‍ തന്നെ രണ്ടാമത്തെ ഡോസ് എടുക്കേണ്ട തീയതിയും സമയവും നല്‍കുന്നതിനാല്‍ വീണ്ടുമൊരു മുന്‍കൂര്‍ അനുമതിയും തേടേണ്ടതില്ല. രണ്ടാമത്തെ ഡോസ് വാക്സിീന്‍ എടുക്കാന്‍ എത്തുന്ന ആള്‍ ആദ്യ ഗേറ്റില്‍ മൊബൈലിലെ ഇഹ്തിറാസ് പ്രൊഫൈല്‍ സ്റ്റേറ്റസ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ തീയതി കാര്‍ഡ് എന്നിവ കാണിക്കണം. തുടര്‍ന്ന് രണ്ടാമത്തെ ഗേറ്റില്‍ വാക്സിന്‍ സ്വീകരിക്കാം. 

വാക്സിന്‍ എടുത്ത ശേഷം അഞ്ചു മിനിറ്റ് കാത്തിരിക്കണം. വ്യക്തിയുടെ ആരോഗ്യനില നിരീക്ഷിക്കാനാണിത്. അതിനു ശേഷം വാക്സിനേഷന്‍ കാര്‍ഡ് ലഭിക്കും. രണ്ടാമത്തെ ഡോസെടുത്ത വിവരം കാര്‍ഡില്‍ സ്റ്റാമ്പ് ചെയ്തിട്ടുണ്ടാകും.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top