2021-04-15 01:34:50 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന മേഖലകള്‍ക്ക് കൂടുതല്‍ സഹായ പാക്കേജുകള്‍ പ്രഖ്യാപിച്ച് മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് സഹായം പ്രഖ്യാപിച്ചത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യത്തെ നിലവിലെ അവസ്ഥ കണക്കിലെടുത്താണ് തീരുമാനം. 

അമീറിന്റെ നിര്‍ദേശം അനുസരിച്ച് അടച്ചുപൂട്ടിയ മേഖലകളുടെ വെള്ളം, വൈദ്യുതി ഫീസ് 2021 സെപ്റ്റംബര്‍ അവസാനം വരെ ഒഴിവാക്കിയിട്ടുണ്ട്. ഖത്തര്‍ ഡെവലപ്പ്‌മെന്റ് ബാങ്കിലെ ദേശീയ ഗ്യാരന്റി പ്രോഗ്രാം 2021 സെപ്റ്റംബര്‍ അവസാനം വരെ നീട്ടി.

അടച്ച മേഖലകളിലെ ശമ്പളത്തിന്റെയും വേതനത്തിന്റെയും ഫണ്ടിംഗ് പരിധി 15 മില്ല്യണ്‍ റിയാലായി ഉയര്‍ത്തി. ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡിനാണ് ഈ തുക ലഭിക്കുക. അതേസമയം നിബന്ധനകളും വ്യവസ്ഥകളും നിലനിര്‍ത്തിയാവും ഇത് ലഭിക്കുക. 

പ്രാദേശിക ബാങ്കുകളുടെ പണലഭ്യതയെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തുടര്‍ന്നും പിന്തുണയ്ക്കും. അതേസമയം, കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങളെ കുറിച്ചും വാക്‌സിനേഷന്‍ പ്രോഗ്രാമിനെ കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top