News Desk

2020-02-12 06:10:39 pm IST


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലേക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണവുമായി സി.എ.ജി റിപ്പോര്‍ട്ട്. ധനമന്ത്രി തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ബെഹ്റക്കെതിരെ ഗുരുതര പരമാര്‍ശങ്ങളുള്ളത്. 

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്റ ലംഘിച്ചതായി സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. 33 ലക്ഷം രൂപ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബെഹ്റ നല്‍കിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 

2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്. 

ബന്ധപ്പെട്ട സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ ബെഹ്റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ കീഴ്ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണത്തിനുള്ള 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കുന്നതിനായി ഡി.ജി.പി വകമാറ്റിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൊലീസിനായി ആഡംബര വാഹനങ്ങള്‍ വാങ്ങിയത് നവീകരണ പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഇത് വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കാറുകള്‍ വാങ്ങുന്നതിനു പൊലീസിന്റെ നവീകരണ പദ്ധതിയില്‍ വിലക്കുണ്ട്. 

എന്നാല്‍ 201318 കാലഘട്ടത്തില്‍ പൊലീസ് ഇതു ലംഘിച്ചു. 269 വാഹനങ്ങള്‍ ഈ കാലഘട്ടത്തില്‍ വാങ്ങിയപ്പോള്‍ 64 എണ്ണം ഉന്നത ഉദ്യോഗസ്ഥര്‍ക്കും സി.ബി.സി.ഐ.ഡി പോലെ ഓപ്പറേഷണല്‍ യൂണിറ്റുകളായി കണക്കാക്കാത്തവയ്ക്കും നല്‍കി. 64 വാഹനങ്ങളില്‍ എട്ടെണ്ണം പൊലീസ് ആസ്ഥാനത്തും അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാണ് അനുവദിച്ചത്. ആഡംബര വാഹനങ്ങള്‍ക്കു പകരം പൊലീസ് സ്റ്റേഷനുകള്‍ക്കു ഉപകാരപ്പെടുന്ന വാഹനങ്ങള്‍ വാങ്ങാമായിരുന്നെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

വയര്‍ലസ് സംവിധാനത്തിനായുള്ള സ്‌പെക്ട്രം ചാര്‍ജുകള്‍ സമയത്ത് അടയ്ക്കാനും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഡിജിറ്റല്‍ റേഡിയോ ലൈസന്‍സ് എടുക്കാനും കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സി.ഐ.ജി ചൂണ്ടിക്കാണിക്കുന്നു. 

Top