കൊവിഡ് സൃഷ്ടിക്കുന്ന സങ്കീര്‍ണതകളും മരണവും മറ്റുള്ളവരെ അപേക്ഷിച്ചു പ്രമേഹരോഗികളില്‍ കൂടുതലായിരിക്കുമെന്ന് പഠനം പുറത്തുവന്നിരുന്നു. എന്നാല്‍, കൊവിഡ് വൈറസ് ബാധ തന്നെ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍.
പ്രമേഹ ഗവേഷണരംഗത്തെ അതികായരിലൊരാളായ ഡോ. പോള്‍ സിമ്മറ്റും സംഘവും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന് അയച്ച കത്തില്‍ ഈ സാധ്യത ആദ്യം ചൂണ്ടിക്കാട്ടിയിരുന്നു.കൊവിഡ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പ്രമേഹരോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നിരട്ടിയായിരിക്കുമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ചൂണ്ടിക്കാട്ടിയത്. പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി കൂടാനും 'ഡയബറ്റിക് കീറ്റോഅസിഡോസിസ്' പോലെ മരണകാരിയായ പ്രമേഹ സങ്കീര്‍ണതകള്‍ക്കും കൊവിഡ് കാരണമാകുന്നുണ്ടെന്നാണ് പഠനം പറയുന്നത്.
കൊവിഡ് വൈറസ് ബാധ തന്നെ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തിയത് വലിയ അമ്പരപ്പിനാണ് വഴിവെച്ചത്. സാധാരണ രണ്ടു രീതിയിലാണു പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിലെ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന 'ഇന്‍സുലിന്‍' ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാനുള്ള കഴിവു പൂര്‍ണമായും നഷ്ടപ്പെടുന്ന ടൈപ് 1 പ്രമേഹമാണ് ഒന്ന്. ഇന്‍സുലിന്‍ തന്മാത്രകളെ തിരിച്ചറിയാനുള്ള ശേഷി ശരീരകലകള്‍ക്കു നഷ്ടപ്പെടുന്നതു മൂലം സംഭവിക്കുന്ന ടൈപ് 2 പ്രമേഹം രണ്ടാമത്തേത്. ചിലപ്പോള്‍ ഇതു രണ്ടിനും കൊവിഡ്ബാധ കാരണമാകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ അവയുടെ ഉള്ളില്‍ക്കയറി കൊറോണ വൈറസ് നശിപ്പിക്കുന്നതാണു പ്രധാന പ്രശ്നം. ഇതു കൂടാതെ, കൊവിഡ്ബാധ മൂലമുണ്ടാകുന്ന ആന്തരിക വീക്കം ബീറ്റാ കോശങ്ങളെ പരോക്ഷമായി നശിപ്പിക്കും. ഇതു ടൈപ് 1 പ്രമേഹത്തിനു സമാനമായ അവസ്ഥ സൃഷ്ടിക്കും. ആയുഷ്കാല ഇന്‍സുലിന്‍ കുത്തിവയ്പാകും ഏറ്റവും വലിയ പ്രയാസമെന്നും വിദഗ്ധര്‍ പറയുന്നു.
കൊവിഡ് വൈറസ് ഗണത്തില്‍പെട്ട, സാര്‍സ് വൈറസ് ബാധ ഉണ്ടായവരിലും ഇത്തരം പ്രമേഹം സ്ഥിരീകരിച്ചതായി നേരത്തേ തന്നെ പഠനങ്ങളുണ്ട്. കൊവിഡ്ബാധ മൂലം ഉണ്ടാകുന്ന ആന്തരികവീക്കവും പ്രതിരോധ സംവിധാനത്തിലെ പ്രശ്നങ്ങളും ഇന്‍സുലിന്‍ തന്മാത്രകളെ തിരിച്ചറിയാനുള്ള ശരീരകലകളുടെ കഴിവ് ഇല്ലാതാക്കാന്‍ പോന്നതാണ്. ഇതു ടൈപ് 2 പ്രമേഹത്തിനു വഴിവയ്ക്കുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നുവെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ഡല്‍ഹി എയിംസിലെ എപ്പിഡെമിയോളജിസ്റ്റും യു.എസിലെ എമറി യൂണിവേഴ്സിറ്റി ഡയബറ്റിസ് സെന്ററിലെ റിസര്‍ച് ഫെലോയുമായ ഡോ. പ്രവീണ്‍ പ്രദീപ് പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക