News Desk

2020-11-01 03:30:32 pm IST
ദോഹ: നേരത്തെയുള്ള പരിശോധനയിലൂടെ പക്ഷാഘാതത്തെ തടയാനാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്കരണ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. ഓക്ടോബര്‍ 29-നായിരുന്നു ലോക പക്ഷാഘാത ദിനാചരണം.   

ലോകത്തിലെ മരണകാരണങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതും നിത്യവൈകല്യത്തിനും കാരണമാകുന്ന അവസ്ഥയാണ് പക്ഷാഘാതം. പക്ഷാഘാതത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും വ്യക്തമാക്കുന്ന വിഡിയോ സന്ദേശങ്ങളും അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി പങ്കുവെച്ചിട്ടുണ്ട്. പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, വ്യായാമത്തിന്റെയും ശാരീരിക ചലനങ്ങളുടെയും കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഖത്തറില്‍ പക്ഷാഘാത രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലെ പ്രധാന കാരണങ്ങള്‍. രാജ്യത്ത് പക്ഷാഘാത രോഗികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്.

ആദ്യത്തെ രണ്ടര മണിക്കൂറാണ് പക്ഷാഘാത ചികിത്സയില്‍ ഏറ്റവും നിര്‍ണായകം. ഈ സമയത്തിനുള്ളില്‍ വിദഗ്ധ ആശുപത്രിയില്‍ എത്തിച്ചാല്‍ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയും. 40 വയസ്സ് കഴിഞ്ഞവര്‍ ഇടക്കിടെ രക്ത സമ്മര്‍ദം പരിശോധിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം എന്നിവയും പക്ഷാഘാതം തടയുന്നതില്‍ പ്രധാനമാണ്. സ്‌ട്രോക്കിനെക്കുറിച്ച് സൂചന തരുന്നതാണ് ട്രാന്‍ഷ്യന്റ് ഐസ്‌കെമിക്ക് അറ്റാക്ക് (ടി.ഐ.എ) എന്നത്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം താല്‍ക്കാലികമായി നിലക്കുന്നതാണ് ഇത്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഈ സ്‌ട്രോക്ക് ഭാവിയില്‍ പക്ഷാഘാതം വരാനുള്ള സൂചനയായി കണ്ട് ചികിത്സ തേടേണ്ടതാണ്.

പക്ഷാഘാത സംബന്ധമായി എന്തെങ്കിലും സംശയം തോന്നുകയാണെങ്കിലും പരിസരങ്ങളില്‍ ഇത്തരം ആളുകളെ കാണപ്പെടുകയോ ചെയ്താല്‍ ഉടന്‍ 999 നമ്പറില്‍ വിവരമറിയിക്കണം. വളരെ നേരത്തേ ചികിത്സ ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും. രോഗലക്ഷണങ്ങള്‍ വളരെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകുകയാണെങ്കിലും അതിനെ നിസ്സാരമായി കണക്കാക്കരുത്. പക്ഷാഘാതത്തിനുള്ള മുന്നറിയിപ്പായിരിക്കാം അതെന്നും എച്ച്.എം.സി അറിയിച്ചു. ഖത്തറില്‍ പക്ഷാഘാതത്തിന് ഏറ്റവും അനുയോജ്യമായ ചികിത്സ ലഭ്യമാകുന്നത് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ മാത്രമാണ്. ഹമദിന് കീഴിലെ പക്ഷാഘാത ചികിത്സ-സേവന കേന്ദ്രത്തില്‍ മികച്ച ചികിത്സ ലഭിക്കും. ഇവിടെ പ്രവര്‍ത്തിക്കുന്ന സെക്കന്ററി സ്‌ട്രോക്ക് പ്രിവന്‍ഷന്‍ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തുന്നത് നിരവധി പേരാണ്. പക്ഷാഘാതത്തിന്റെ രണ്ടാംഘട്ടത്തില്‍ എത്താന്‍ സാധ്യതയുള്ളവര്‍ക്ക് മികച്ച ചികിത്സയാണ് കേന്ദ്രത്തില്‍ നല്‍കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top