News Desk

2021-03-01 08:29:26 pm IST
ന്യൂഡല്‍ഹി: ഭര്‍ത്താവ് ക്രൂരനാണെങ്കിലും നിയമപരമായി വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. 

ബലാത്സംഗക്കുറ്റം ആരോപിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചോദിച്ചത്. ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുമ്പോള്‍, ഭര്‍ത്താവ് ക്രൂരനാണെങ്കിലും ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാന്‍ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 

വ്യാജവിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിന് അനുമതി നേടുകയായിരുന്നുവെന്നും, പല തവണ ബലാത്സംഗത്തിന് ഇരയായെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനും, വൈവാഹിക ക്രൂരതകള്‍ക്കുമാണ് കേസ് കൊടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. 

കുറ്റവിമുക്തനാക്കണമെന്ന ആവശ്യം വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി, യു.പി സ്വദേശിക്ക് അറസ്റ്റില്‍ നിന്ന് നാലാഴ്ചത്തേക്ക് സംരക്ഷണവും നല്‍കി.

അതേസമയം, പീഡനത്തിനിരയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറാണോയെന്ന് മറ്റൊരു പ്രതിയോട് സുപ്രീംകോടതി ചോദിച്ചതും വിവാദമായിരുന്നു.

അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന പ്രതിയുടെ ഹരജി പരിഗണിക്കവെയാണ് പീഡനത്തിനിരയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ തയാറാണോയെന്ന് പ്രതിയോട് കോടതി ചോദിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top