പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം യു.എ.ഇ നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനമാണത്. നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, സ്പെഷ്യലിസ്റ്റുകള്‍, ഉപജ്ഞാതാക്കള്‍, ശാസ്ത്രജ്ഞര്‍, പ്രതിഭകള്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്, ഇവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് പൗരത്വം നല്‍കുക.
പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാനപ്രകാരമാണ്. യു.എ.ഇയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആദരവാണ് പൗരത്വ നിയമ ഭേദഗതിയെന്ന് അധികൃതര്‍ പറഞ്ഞു. യു.എ.ഇ. മന്ത്രിസഭ, അമീരി കോര്‍ട്ട്, എക്സിക്യുട്ടീവ് കൗണ്‍സിലുകള്‍ എന്നിവ ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പൗരത്വത്തിന് അര്‍ഹരായവരെ നാമനിര്‍ദേശം ചെയ്യും.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ചത്. സ്വന്തം രാജ്യത്തിന്റെ പൗരത്വം നഷ്ടമാവാതെയാണ് യു.എ.ഇ പൗരത്വം അനുവദിക്കുന്നത്. ഇതാദ്യമായാണ് യു.എ.ഇ ഇരട്ട പൗരത്വം അനുവദിക്കുന്നത്.
പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസക്കും അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസക്കും പുറമെയാണ് പ്രവാസികള്‍ക്ക് യു.എ.ഇ പൗരത്വം നല്‍കാനൊരുങ്ങുന്നത്. പൗരത്വം നേടുന്നവര്‍ എമറാത്തി നിയമങ്ങളെല്ലാം അനുസരിക്കാന്‍ ബാധ്യസ്ഥരായിരിക്കും. നിബന്ധനകള്‍ ലംഘിച്ചാല്‍ പൗരത്വം റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പുതിയ പ്രതിഭകളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റ് ചെയ്തു. നേരത്തേ, സ്വദേശികളെ വിവാഹം ചെയ്യുന്ന വിദേശികള്‍, അവരുടെ മക്കള്‍, പ്രസിഡന്റിന്റെ ശുപാര്‍ശയുള്ള പ്രവാസികള്‍ എന്നിവര്‍ക്ക് മാത്രമാണു യു.എ.ഇ പൗരത്വം നല്‍കിയിരുന്നത്.
പൗരത്വം ലഭിക്കാന്‍ നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ സ്വന്തമായി സ്വത്തുവകകള്‍ ഉണ്ടായിരിക്കണം. ഡോക്ടര്‍മാര്‍ക്കും സ്പെഷ്യലിസ്റ്റുകള്‍ക്കും പൗരത്വം ലഭിക്കണമെങ്കില്‍ അവര്‍ യു.എ.ഇയില്‍ അനിവാര്യ ജോലി ചെയ്യുന്നവരായിരിക്കണം. 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുണ്ടായിരിക്കണം പ്രമുഖ സ്ഥാപനത്തിലായിരിക്കണം ജോലി.
ശാസ്ത്രജ്ഞര്‍ യൂണിവേഴ്സിറ്റിയിലോ, ഗവേഷക കേന്ദ്രത്തിലോ, സ്വകാര്യ മേഖലയിലോ ഗവേഷകരായിരിക്കണം. ഈ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശാസ്ത്ര ഗവേഷണത്തില്‍ രാജ്യത്തിന് എന്തെങ്കിലും സംഭാവന നല്‍കിയതിന് അംഗീകാരം ലഭിച്ചവര്‍ക്കായിരിക്കും മുന്‍ഗണന. യു.എ.ഇയിലെ ഏതെങ്കിലും ശാസ്ത്ര സ്ഥാപനത്തില്‍ നിന്നുള്ള അംഗീകാരപത്രവും നിര്‍ബന്ധമാണ്.
യു.എ.ഇ സാമ്പത്തിക വകുപ്പില്‍ നിന്നോ മറ്റേതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നോ ഏതെങ്കിലും കണ്ടുപിടിത്തത്തിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം അംഗീകരിച്ച ഒന്നോ അതിലേറെയോ പേറ്റന്റുകള്‍ ലഭിച്ചവരായിരിക്കണം ഉപജ്ഞാതാക്കള്‍. സാമ്പത്തിക മന്ത്രാലയത്തിന്റെ കത്ത് ഹാജരാക്കണം. കലാകാരന്മാരും ബുദ്ധിജീവികളും തങ്ങളുടെ മേഖലകളില്‍ പ്രമുഖ സ്ഥാനമുള്ളവരും ഒന്നിലേറെ രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയവരുമായിരിക്കണം. ഇതുസംബന്ധമായ സര്‍ക്കാര്‍ കത്ത് നിര്‍ബന്ധമാണ്.
അതേസമയം, പ്രൊഫഷണല്‍സായ പ്രവാസികള്‍ക്ക് പൗരത്വം നല്കാന് തയ്യാറായതിനു കാരണം അവര്‍ യു.എ.ഇ വിട്ട് കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് കൊണ്ടാണെന്ന് റിപ്പോര്‍ട്ടുണ്ട്. കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവരെ യു.എ.ഇയില്‍ തന്നെ നിലനിര്‍ത്താന്‍ പുതിയ നിയമം സഹായകമാകുമെന്നാണ് നിരീക്ഷണങ്ങള്‍. ജോലി നഷ്ടമാകുമോ എന്ന ഭയത്തില്‍ മാത്രമാണ് പ്രവാസികള്‍ കുടിയേറ്റത്തെ കുറിച്ച് ചിന്തിക്കുന്നതെന്നും പൗരത്വം നല്‍കുന്നതോടെ ആ ആശങ്ക ഇല്ലാതാകുമെന്നും മുതിര്‍ന്ന ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ അബ്ബാസ് മൊസ്വി പറഞ്ഞു.
പ്രവാസികള്‍ക്ക് പൗരത്വമെന്ന യു.എ.ഇയുടെ തീരുമാനം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകില്ല. ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാലാണത്. യു.എ.ഇ പൗരത്വം നേടുന്നവര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതല്‍ മൂന്നു മാസത്തിനുള്ളില്‍ പാസ്പോട്ടിന്റെ കാലാവധി നഷ്ടമാകും.
പിന്നീട് നാട്ടിലേക്ക് വരണമെങ്കില്‍ വിദേശ രാജ്യത്തേക്കു പോകുമ്പോള്‍ ആവശ്യമായ വിസയും മറ്റും വേണ്ടി വരും. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യയില്‍ ഒ.സി.ഐ കാര്‍ഡിന് അപേക്ഷിക്കാം. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ എന്ന കാര്‍ഡ് ലഭിച്ചാല്‍ ഇന്ത്യയില്‍ ജീവിതകാലം മുഴുവന്‍ വന്നുപോകാനുള്ള അനുമതി ലഭിക്കും.
ഒ.സി.ഐ കാര്‍ഡ് ലഭിച്ചാല്‍ പൊലീസ് അധികൃതരെയും മറ്റും വരുന്ന വിവരം അറിയിക്കേണ്ട ആവശ്യമില്ല. താമസത്തിനും വാണിജ്യ ആവശ്യത്തിനും വസ്തുവകകള്‍ വാങ്ങാം. കൃഷി, തോട്ടം മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് അവകാശങ്ങള്‍ ലഭിക്കും. വോട്ടവകാശം ഉണ്ടാകില്ല. വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് എന്‍.ആര്.ഐ.കള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. ഒ.സി.െഎ കാര്‍ഡുകള്‍ തിരിച്ചറിയല്‍ കാര്‍ഡുകളായിത്തന്നെ പരിഗണിക്കും.
പുതിയ നിയമം യു.എ.ഇയില്‍ ഏറ്റവും കൂടുതലുള്ള പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്ക് ഗുണകരമാകില്ലെങ്കിലും വിവിധ വികസനങ്ങള്‍ മുന്‍നിര്‍ത്തി ഇതര രാജ്യങ്ങളിലെ പ്രവാസികളെ ആകര്‍ഷിക്കാന്‍ യു.എ.ഇക്കാവും. ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപ്ത്, പാക്കിസ്താന് എന്നീ രാജ്യങ്ങള്‍ ഇരട്ട പൗരത്വം അംഗീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പൗരത്വ പ്രഖ്യാപനം വിനിയോഗിക്കാനാകും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ