News Desk

2021-01-30 10:55:39 pm IST

റിയാദ്: സൗദി മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ ലോകമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കനേഡിയന്‍ കോടതി ഉത്തരവിട്ടു. സ്വത്തുക്കളുടെ കണക്ക് വെളിപ്പെടുത്തണമെന്നും അല്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.

ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നതിനിടെ കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുത്തുവെന്നാരോപിച്ച് സൗദി മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സാദ് അല്‍ ജാബ്രിക്കെതിരെ സൗദി കമ്പനിയായ തഹകോം ഇന്‍വെസ്റ്റ്മെന്റ് കമ്പനി സമര്‍പ്പിച്ച കേസ് പരിഗണിച്ചാണ് ഒന്റാറിയോ സുപ്പീരിയര്‍ കോടതിയുടെ ഉത്തരവ്.

കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, യു.എ.ഇ, യു.കെ, യു.എസ് എന്നിവിടങ്ങളിലെ ബാങ്കുകള്‍, നിയമ സ്ഥാപനങ്ങള്‍, ഓഡിറ്റര്‍മാര്‍ എന്നിവര്‍ അല്‍ ജാബ്രിയുടെ സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. സ്വത്ത് വെളിപ്പെടുത്തല്‍ ഉത്തരവ് നടപ്പാക്കാന്‍ സഹായിക്കാന്‍ ഈ രാജ്യങ്ങളിലെ ജുഡീഷ്യല്‍ അധികാരികളോട് കാനഡ കോടതി അഭ്യര്‍ത്ഥിച്ചതായി യു.എ.ഇ പത്രം അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.

സാദ് അല്‍ ജാബ്രിയിപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്. ഇയാള്‍ക്കെതിരെയുള്ള നടപടി ഒരു വിദേശ കോടതിയില്‍ അഴിമതി കേസുകള്‍ക്കായി സൗദി നടത്തുന്ന പോരാട്ടത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. 

2017 മുതല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതിക്കെതിരായ നടപടികള്‍ തുടര്‍ന്ന് പോരുന്നുണ്ട്. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയില്‍ നിന്നും കൊള്ളയടിച്ച കോടിക്കണക്കിന് ഡോളര്‍ ഖജനാവിലേക്ക് തിരിച്ചുപിടിച്ചു. 

തീവ്രവാദ വിരുദ്ധ ഫണ്ടിനായി രാജ്യം അനുവദിച്ച പണത്തില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ മോഷ്ടിച്ചു എന്നാണ് അല്‍ ജാബ്രിക്കെതിരായ കേസ്. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ 17 വര്‍ഷത്തെ തന്റെ ജോലിക്കാലയളവില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെയാണ് ജാബ്രി ഈ സമ്പത്ത് കൈക്കലാക്കിയത്.

സൗദി അറേബ്യയില്‍ 43 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 26 എസ്റ്റേറ്റുകളും യു.എസിലെയും കാനഡയിലെയും ആഡംബര സ്വത്തുക്കളും അല്‍ ജാബ്രി അനധികൃതമായി സ്വന്തമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആഭ്യന്തര മന്ത്രാലയം ധനസഹായം നല്‍കിയ കമ്പനികളില്‍ നിന്ന് അല്‍ ജാബ്രി പണം തട്ടിയെടുത്തുവെന്ന് നിലവില്‍ ഇത് കൈകാര്യം ചെയ്യുന്ന തഹകോം ഇന്‍വെസ്റ്റ്മെന്റ് കമ്പനി ആരോപിക്കുന്നു. 

400 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ജനീവയിലെയും വിയന്നയിലെയും രണ്ട് സ്വത്തുക്കള്‍ അല്‍ ജാബ്രി കൈമാറിയെന്നും പരാതിയിലുണ്ട്. ഇത് അല്‍ ജാബ്രിയെയും കുടുംബത്തെയും സമ്പന്നരാക്കാന്‍ വഞ്ചനാപരമായ ഇടപാടുകളിലൂടെ ആസൂത്രണം ചെയ്ത മോഷണമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top