News Desk

2021-06-06 01:59:04 pm IST
കാസര്‍കോട്: മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ പണം കിട്ടി എന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. 171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ബദിയടുക്ക പൊലീസും കാസര്‍കോട് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്രിക പിന്‍വലിക്കുന്നതിന് രണ്ടര ലക്ഷം രൂപ ബി.ജെ.പി നേതാക്കള്‍ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. 

സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ ഇടപെടുകയും ഫോണില്‍ ആവശ്യം ഉന്നയിച്ചതായും സുന്ദര പറഞ്ഞിരുന്നു. കൂടാതെ ഇടപാടുകള്‍ സംബന്ധിച്ച കാര്യം നിശ്ചയിച്ചുവെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിനോടു സാമ്യമുള്ള സ്ഥാനാര്‍ഥിയായ കെ. സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കി പിന്നീടു പിന്മാറിയ കെ. സുന്ദര, ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി പണവും ഫോണും നല്‍കിയെന്ന് ഇന്നലെയാണ് വെളിപ്പെടുത്തിയത്.

അതേസമയം, തന്റെ വെളിപ്പെടുത്തലിനുശേഷം ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര പറഞ്ഞു.  പണം വാങ്ങിയിട്ടില്ലെന്നു തന്നോടു പറയാന്‍ അമ്മയോട് അവര്‍ ആവശ്യപ്പെട്ടുവെന്നും പൊലീസിനോടു കൂടുതല്‍ വെളിപ്പെടുത്തുമെന്നും സുന്ദര കൂട്ടിച്ചേര്‍ത്തു. 

'15 ലക്ഷം രൂപയാണു ഞാന്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി എനിക്ക് അര ലക്ഷം രൂപയും അമ്മയുടെ കയ്യില്‍ 2 ലക്ഷം രൂപയും പണമായി തന്നു. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍, വീട് എന്നിവയും വാഗ്ദാനം ചെയ്തു. എന്നാല്‍ ഭീഷണിയോ ഉപദ്രവമോ ഉണ്ടായിട്ടില്ല. ജയിച്ചാല്‍ എല്ലാ ഉറപ്പും പാലിക്കുമെന്ന് സുരേന്ദ്രന്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ തയയാറാണ്.'', സുന്ദര വിശദീകരിച്ചു.

നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര ഇപ്പോള്‍ പറയുന്നു. പക്ഷേ പണം തിരികെ കൊടുക്കാന്‍ കൈയില്‍ ഇല്ല, ചെലവായിപ്പോയി. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016-ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. 2021-ല്‍ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥായായി സുന്ദര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെങ്കിലും പിന്നീട് പിന്‍വാങ്ങി. ഇത്തരത്തില്‍ പത്രിക പിന്‍വലിക്കാന്‍ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ വെളിപ്പെടുത്തല്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top