News Desk

2022-05-12 08:52:23 pm IST
തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്കും പെരിന്തല്‍മണ്ണ സി.ഐക്കും ബാലാവകാശ കമിഷന്‍ നോട്ടീസയക്കുകയായിരുന്നു. ഈ മാസം 25നകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമീഷണര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.

സംഭവനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതര്‍ സ്വമേധയാ കേസെടുക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

രാഷ്ട്രീയകക്ഷികള്‍ പെണ്‍കുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാന്‍ ഇടപെടേണ്ടതുണ്ടെന്നും സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് കനത്ത നിരാശയാണുളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ കാരണമാകുന്നുണ്ടെന്നും പെണ്‍ഭ്രൂണഹത്യ നിരോധിച്ച മതമാണ് ഇസ്ലാമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സമസ്ത നേതാവിന്റെ പരാമര്‍ശം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധ നിലപാടിനോടും കോണ്‍ഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top