News Desk

2021-03-26 07:12:29 pm IST

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം മാത്രമേ നിലനില്‍ക്കുകയുള്ളവെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം. എല്ലാ ജാതി സംവരണങ്ങളും ഇല്ലാതായേക്കും എന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. 

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. മണ്ഡല്‍ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം.

എസ്.സി.ബി.സി വെല്‍ഫെയര്‍ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിന്‍ഗ്ലയാണ് ഇത്തരമൊരു വാദം കോടതിയില്‍ ഉന്നയിച്ചത്. ഈ വേളയില്‍, 'പാര്‍ലമെന്റാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. ഇത് സ്വാഗതാര്‍ഹമായ ആശയമാണ്. ജാതി രഹിതവും സമത്വപൂര്‍ണവുമായ സമൂഹമാണ് ഭരണഘടന നിലവില്‍ വന്നപ്പോഴുള്ള ലക്ഷ്യം. നിങ്ങളുടെ ചിന്തകള്‍ മൗലികവും മികച്ചതുമാണ്. ജാതി സംവരണം ഇല്ലാതാക്കണം എന്ന തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണ്.', എന്നാണ് ബെഞ്ച് മറുപടി നല്‍കിയത്.

'മിസ്റ്റര്‍ പിന്‍ഗ്ല, നിങ്ങള്‍ ശരിയാകാം. ഇത് തുടക്കമാണ്. എല്ലാ സംവരണവും പോകണം. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണം മാത്രം നിലനില്‍ക്കണം. എന്നാല്‍ ഇതെല്ലാം നയപരമായ കാര്യങ്ങളാണ്.', ബെഞ്ച് പറഞ്ഞു.

ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ജാതി രഹിതം ആയ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കല്‍ ആയിരുന്നു ലക്ഷ്യം എന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ നിരീക്ഷിച്ചു. 

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം കൊണ്ട് മാത്രം കാര്യമില്ലെന്നും വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട് പ്രത്യേകം പദ്ധതികള്‍ തന്നെ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

സംവരണം 50 ശതമാനം കടക്കരുത് എന്ന ഇന്ദിരാ സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമോ എന്ന വിഷയത്തിലാണ് കോടതി വാദം കേള്‍ക്കുന്നത്. സംവരണ പരിധി അമ്പത് ശതമാനം കടക്കാമെന്നും വിധി പുനപ്പരിശോധിക്കാമെന്നുമാണ് കേരളം കോടതിയെ അറിയിച്ചിട്ടുള്ളത്.

ജസ്റ്റിസ് അശോക് ഭൂഷണ് പുറമേ, ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍, ഹേമന്ദ് ഗുപ്ത, എസ് രവിചന്ദ്ര ഭട്ട് എന്നിവരാണ് ബെഞ്ചിലുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top