News Desk

2021-06-02 09:11:52 pm IST
ഗുവാഹത്തി: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ ആശുപത്രി മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ബന്ധുക്കള്‍. കഴിഞ്ഞ ദിവസം അസമിലെ ഹോജായി പ്രദേശത്തെ ഉഡായി മോഡല്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഡോക്ടറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. 

സംസ്ഥാനത്ത്  കൊവിഡ് മുന്‍നിര പോരാളികളുടെ അവസ്ഥയിതാണെന്ന് പറഞ്ഞാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവച്ചുകൊണ്ട് നിരവധി ഡോക്ടര്‍മാരും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. ഗുവാഹത്തിയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ആശുപത്രി സ്ഥിതി ചെയ്യുന്നത്. 

ഇവിടെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിപാല്‍ പുഖുരി സ്വദേശിയായ ജിയാസ് ഉദ്ദീന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഓക്‌സിജന്‍ ദൗര്‍ലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ഇയാളുടെ ബന്ധുക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചത്. ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിനെ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ശേഷം ഇഷ്ടിക അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മര്‍ദ്ദിക്കുന്നത് വ്യക്തമായി കാണുന്നുണ്ട്. പരിക്കേറ്റ സിയൂജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമം നടത്തിയ 24 പേരെ അറസ്റ്റ് ചെയ്തായി ദേശീയ മാദ്യമം റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top