News Desk

2021-05-25 02:22:39 pm IST
അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ അനിശ്ചിതാവസ്ഥ ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭൂരിപക്ഷം ഇന്ത്യന്‍ സ്‌കൂളുകളും സി.ബി.എസ്.ഇ സിലബസാണ് പിന്തുടരുന്നത്. 

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുമായി സംബന്ധിച്ച് നടന്ന ഉന്നതതല യോഗത്തില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങളാണ് ഉയര്‍ന്നു വന്നത്. ഇതോടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടിരിക്കുകയാണ്. അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് പരീക്ഷ നടത്തി ഫലം ലഭ്യമായില്ലെങ്കില്‍ കുട്ടികളുടെ ഉപരി പഠനത്തിനുള്ള  പ്രവേശനവും ഇല്ലാതാകുമന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യര്‍ത്ഥികളും. 

ജൂണ്‍ ആദ്യത്തോടെ പരീക്ഷയുമായി സംബന്ധിച്ച അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും പരീക്ഷ തീയതി വീണ്ടും നീളാനുളള സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ പരീക്ഷ തീയതി നീണ്ടുപോകുന്നതാണ് ഗള്‍ഫ് മേഖലയിലെ വിദ്യര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതിനിടയില്‍ വീണ്ടും കൊവിഡ് രൂക്ഷമായാല്‍ സാഹചര്യം കൂടുതല്‍ വഷളാവുകയും ചെയ്യും. 

പരീക്ഷ തീയതി നീളുകയാണെങ്കില്‍ മൂല്യനിര്‍ണയം നടത്തി ഫലപ്രഖ്യാപനവും വൈകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ത്ഥികളെ അലട്ടുന്നത്. ഉപരിപഠനത്തിന് വിദേശ കോളജുകളില്‍ ചേര്‍ന്നവര്‍, 18 വയസു കഴിഞ്ഞ ശേഷം യു.എ.ഇയില്‍ തുടരുന്നതിനു പ്രത്യേക വിസ എടുക്കേണ്ടവര്‍, പ്രവാസം മതിയാക്കി നാട്ടിലേക്കു പോകാനിരുന്ന കുടുംബങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളാണ് പ്രവാസി ഇന്ത്യക്കാര്‍ നേരിടേണ്ടിവരുന്നത്. 

മാത്രമല്ല, യു.എ.ഇയില്‍ രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആണ്‍കുട്ടികള്‍ക്ക് 18 വയസ്സുവരെ മാത്രമേ നില്‍ക്കാനാകൂ. പിന്നീട് വേറെ വിസയിലേക്ക് ഇവര്‍ക്ക് മാറേണ്ടിവരും. പ്ലസ് ടു പരീക്ഷ എഴുതാനിരിക്കുന്നവരില്‍ പലരും 18 കഴിഞ്ഞവരോ വരും ദിവസങ്ങളില്‍ കഴിയാനിരിക്കുന്നവരോ ആണ്. പരീക്ഷയുമായി സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ വന്നില്ലെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്കായി രാജ്യങ്ങളില്‍ തങ്ങണമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി വിസ വേണ്ടി വരും. വിസ നല്‍കാന്‍ യു.എ.ഇ അധികൃതര്‍ അനുവദിക്കുകയും വേണം. 

കൊവിഡ് സാഹചര്യമായതിനാല്‍ പരീക്ഷ ഉപേക്ഷിക്കണമെന്നും, കുറഞ്ഞ സമയത്തിനുള്ളില്‍ പരീക്ഷ ടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഉയര്‍ന്നു വന്നത്. പ്രധാനമന്ത്രിയുടെ അന്തിമ തീരുമാനം വന്നാല്‍ മാത്രമെ നിലവിലെ അനിശ്ചിതാവസ്ഥ മാറുകയുള്ളു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top