News Desk

2021-06-02 09:56:03 am IST
തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വേണ്ടി വരും. പത്താം ക്ലാസ് മാതൃകയും ആലോചിക്കും. മൂന്നുവര്‍ഷത്തെ മാര്‍ക്ക് കൂടി നോക്കിയുള്ളതാണ് ഈ മാതൃക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉന്നതസ്ഥാപനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കും. 

അതേസമയം, പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പകരം സംവിധാനത്തിന്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസില്‍ പ്ലസ്ടു പരീക്ഷ തീര്‍ന്നതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക.

വലിയ ആശയക്കുഴപ്പത്തിനൊടുവില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ മനസ്സിലെ ആശങ്ക തുടരുകയാണ്. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയില്‍ പരമാവധി മാര്‍ക്ക് നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭൂരിപക്ഷം പേരും. ഒമ്പത്, 10, പ്ലസ് വണ്‍ ക്ലാസുകളിലെ ആവറേജ് മാര്‍ക്ക് പരിഗണിച്ച് പ്ലസ് ടു സ്‌കോര്‍ നിശ്ചയിക്കുമെന്ന് കേള്‍ക്കുന്ന ബദലില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നു. 

പൊതുപരീക്ഷ അല്ലാത്തതിനാല്‍ ഈ പരീക്ഷകള്‍ കാര്യമായി പഠിക്കാതെ എഴുതിയവരുമുണ്ട്. കീം പ്രവേശനത്തിലാണ് മറ്റൊരു പ്രതിസന്ധി. കഴിഞ്ഞ വര്‍ഷം കേരള എഞ്ചിനീയറംഗില്‍ ആദ്യത്തെ 5000 റാങ്കില്‍ 2477 പേരും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്‌കാരായിരുന്നു. 2280 പേരാണ് കേരള ഹയര്‍ സെക്കണ്ടറിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. 

പന്ത്രണ്ടാം ക്ലാസിലെ ഫിസികിസ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിലെ അന്‍പത് ശതമാനം മാര്‍ക്കും പ്രവേശന പരീക്ഷയിലെ അന്‍പതും ചേര്‍ത്താണ് റാങ്ക് തയ്യാറാക്കുന്നത്. പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ സ്‌കോര്‍ നിശ്ചയിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. 21 നുള്ളില്‍ കീമിന് അപേക്ഷ നല്‍കുകയും വേണം. സി.ബി.എസ്.ഇ മാനേജ്‌മെനറുകളും പരീക്ഷ റദ്ദാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോള്‍ ബദലില്‍ ഉടന്‍ തീരുമാനം വേണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top