News Desk

2021-04-27 11:22:49 pm IST

വാഷിങ്ടണ്‍: കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ അനുവാദം നല്‍കി അമേരിക്ക. പൂര്‍ണമയും വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് ചെറുതായി ഒത്തുകൂടാമെന്നും യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) അറിയിച്ചു.

എന്നാല്‍ മാസ്‌ക് നിര്‍ബന്ധമുള്ള പൊതുസ്ഥലങ്ങളില്‍ അവ ധരിക്കണമെന്നും സി.ഡി.സി അറിയിച്ചു. യു.എസില്‍ പ്രായപൂര്‍ത്തിയായ പൗരന്മാരില്‍ പകുതിയിലധികം പേരും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയത്. 

കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന അമേരിക്കക്കാര്‍ക്ക് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവര്‍ നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ആദ്യ പടിയായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നത്. അതേസമയം മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യതയെക്കുറിച്ച് ബോധവാന്മാരാകണമെന്നും സി.ഡി.സി പറയുന്നു.

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴികളിലൊന്നായാണ് മാസ്‌ക് ഉപയോഗത്തെ കണക്കാക്കുന്നത്. യു.എസില്‍ പുതിയ കൊവിഡ് കേസുകളില്‍ 16 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. 

രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 140 മില്യണ്‍ കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകളാണ് അമേരിക്കയില്‍ ജനങ്ങള്‍ സ്വീകരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top