News Desk

2021-05-06 10:44:27 am IST

തിരുവനന്തപുരം: കൊവിഡ് ബാധിതരുടേതുള്‍പ്പെടെ മരണങ്ങള്‍ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളില്‍ ശവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തം. ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലേക്ക് തലസ്ഥാനം നീങ്ങുകയാണ്.

തിരുവനന്തപുരം നഗരത്തിലെ തൈക്കാട് ശാന്തികവാടത്തില്‍ ഇതോടെ വിറക് ശ്മശാനത്തില്‍ കൂടി കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മാറനല്ലൂര്‍ പഞ്ചായത്തിന്റെ ശ്മശാനത്തില്‍ എത്തുന്നതില്‍ പകുതി മൃതദേഹങ്ങള്‍ മാത്രമാണ് ഒരു ദിവസം സംസ്‌കരിക്കാനാവുന്നത്. ആറ്റിങ്ങല്‍, നെടുമങ്ങാട് നഗരസഭകളിലെയും പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെയും ശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.

തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫര്‍ണസുകളും പുതുതായി നിര്‍മിച്ച രണ്ട് ഗ്യാസ് ഫര്‍ണസുകളുമാണുള്ളത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത്. നാല് വിറകു ചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. 

വ്യാഴാഴ്ചത്തേക്കുള്ള ബുക്കിങ്ങും നേരത്തേ കഴിഞ്ഞു. ഇതോടെ വ്യാഴാഴ്ച മുതല്‍ വിറക് ചിതകള്‍ കൂടി കൊവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് ഉപയോഗിക്കും. മറ്റ് മൃതദേഹങ്ങളുടെ സംസ്‌കാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നഗരത്തില്‍ കോര്‍പ്പറേഷന് മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്.

കൊവിഡ് രോഗ വ്യാപനം തീവ്രമായതോടെ മരണ നിരക്കും കൂടിയിട്ടുണ്ട്. ഇവരില്‍ മിക്കവരേയും ശ്മശാനങ്ങളിലാണ് സംസ്‌കരിക്കുന്നത്. ഇതാണ് തിരക്ക് കൂടാന്‍ കാരണമെന്നാണ് വിശദീകരണം. ഒന്നോ രണ്ടോ ദിവസം മോര്‍ച്ചറിയില്‍ വയ്ക്കാമെന്ന് കരുതിയാലും രക്ഷയില്ല. പലയിടത്തും മോര്‍ച്ചറികളും നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാല്‍ ശവസംസ്‌കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. 

ഒരാഴ്ചയോളമായി പ്രതിദിനം 20-ലേറെ കൊവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട് സംസ്‌കരിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ഇരട്ടിയോളം മൃതദേഹങ്ങള്‍ സംസ്‌കാരത്തിനെത്തിക്കുന്നു. ബാക്കിയുള്ളവയ്ക്ക് അടുത്ത ദിവസത്തേക്കോ അതിന്റെ അടുത്ത ദിവസത്തേക്കോ സമയം നല്‍കുകയാണ്. പ്രതിദിനം 24 മൃതദേഹങ്ങളാണ് നാല് ഫര്‍ണസുകളിലായി സംസ്‌കരിക്കാവുന്നത്.

നഗരത്തിലെ എല്ലാ ആശുപത്രികളിലും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തൈക്കാട്ടാണ് എത്തിക്കുന്നത്. കൊല്ലം, നാഗര്‍കോവില്‍ മേഖലകളില്‍നിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്. കഴക്കൂട്ടത്തെ പുതിയ ഗ്യാസ് ശ്മശാനത്തിന്റെ നിര്‍മാണം നടക്കുകയാണ്. ശ്മശാനത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുകയാണെങ്കില്‍ വിറകുചിതകള്‍ക്കുപയോഗിക്കുന്ന താല്‍ക്കാലിക സംവിധാനങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. വൈദ്യുതി ശ്മശാനത്തില്‍ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. 

കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് ശ്മശാനത്തില്‍ എത്തുന്നത് ഇവിടെ നിലവില്‍ പ്രശ്‌നങ്ങളില്ല. കൂടുതല്‍ മൃതദേഹം എത്തുന്നതനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്തുന്നുണ്ട്. കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തിലും നിലവില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ദിവസം ശരാശരി 17 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എത്തിക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇവിടെ ഉണ്ട്. 

തൃശ്ശിരിലെ ലാലൂര്‍ ശ്മശാനത്തില്‍ ആശങ്കപ്പെടുന്ന തരത്തില്‍ തിരക്കില്ല. ദിവസം എട്ടു മുതല്‍ 10 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നു. എണ്ണം കൂടിയാല്‍ കാത്തിരിക്കുന്ന സ്ഥിതി വരും എന്ന് അധികൃതര്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top