News Desk

2021-03-14 03:08:15 pm IST
ദോഹ: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയുടെ കെടുതികള്‍ അനുഭവിച്ചപ്പോഴും ഖത്തര്‍ ബങ്കുകളുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ സൗദ് അല്‍ത്താനി അറിയിച്ചു.

പ്രാദേശിക പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയെ നേരിടാനുള്ള സെന്‍ട്രല്‍ ബാങ്കിന്റെ നടപടികള്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ധനകാര്യ നയങ്ങളെ ബാധിക്കുന്നില്ലെന്നും ബാങ്കുകളുടെ ധനകാര്യ നയങ്ങള്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ആഭ്യന്തര വായ്പയുടെ വളര്‍ച്ച 2020 അവസാനത്തോടെ ഒരു ട്രില്യണ്‍ റിയാല്‍ കവിഞ്ഞു. 2020 ലെ പ്രതികൂല സംഭവവികാസങ്ങളുടെ ഫലമായി അനിയന്ത്രിതമായ കടങ്ങളും നിക്ഷേപ മൂല്യം കുറയുന്നതിനുള്ള വിഹിതത്തിനും എതിരായി ബാങ്കിംഗ് മേഖലയെ മുന്നോട്ട് കൊണ്ടുപോവാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

തീവ്രവാദ ധനസഹായത്തെ ചെറുക്കുന്നതിനുള്ള ദേശീയ നയത്തിന് അനുസൃതമായി, പണമിടപാട് വ്യവഹാരങ്ങളുടെ അപകടത്തില്‍ നിന്നും ബാങ്കിംഗ് മേഖലയെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു.

ചെറുകിട, ഇടത്തരം കമ്പനികളെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും എല്ലാ മേഖലകളിലും സ്വയംപര്യാപ്തതയുടെ തോത് ഉയര്‍ത്തുന്നതിനും സെന്‍ട്രല്‍ ബാങ്ക് തങ്ങളുടെ നയങ്ങളിലൂടെ സംഭാവന നല്‍കുന്നതിന് താല്‍പ്പര്യപെടുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top