News Desk

2021-02-25 11:14:51 am IST
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്കായുള്ള കൊവിഡ് ഇരട്ട പരിശോധന തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊവിഡ് സാഹചര്യത്തില്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും ജാഗ്രതയുടെ ഭാഗമായുള്ള മാര്‍ഗ നിര്‍ദേശമാണ് കേന്ദ്രം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ഇരട്ട പരിശോധനയ്‌ക്കെതിരായ പ്രതിഷേധം ശക്തമാണ്. വിദേശങ്ങളില്‍ നിന്നും 5000 രൂപയോളം മുടക്കിയാണ് പ്രവാസികള്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം കരസ്ഥമാക്കുന്നത്. ഇതിനുപുറമെ, ഇന്ത്യയിലെത്തിയാല്‍ വീണ്ടും കെവാവിഡ് പരിശോധന നടത്തണം. നിലവില്‍ കൊച്ചി വിമാനത്താവളത്തില്‍ 1700 രൂപയാണ് ഒരാള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താന്‍ നല്‍കേണ്ടി വരുന്നത്. ഇന്ത്യയിലെ തന്നെ പല വിമാനത്താവളങ്ങളിലും കൊവിഡ് പരിശോധനയ്ക്ക് പല തുകയാണ് യാത്രക്കാര്‍ നല്‍കേണ്ടത്. കുടുംബമായി വരുന്ന പ്രവാസികള്‍ക്ക് ഭാരിച്ച തുകയാണ് ഇതിലൂടെ നല്‍കേണ്ടിവരിക. അതുകൊണ്ടുതന്നെ പ്രതിഷേധം ശക്തമാണ്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിമാനത്താവളങ്ങളിലെ പരിശോധന നടക്കുന്നതെന്നും, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ജാഗ്രതയുടെ ഭാഗമായി പരിശോധന ആവശ്യമാണെന്നും മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, ഇന്ത്യന്‍ പ്രവാസികള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ കൊവിഡ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടി പുറത്തിറക്കിയ കൊവിഡ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്നും കെ.എം.സി.സി വ്യക്തമാക്കിയിട്ടുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top