News Desk

2020-05-22 07:03:21 pm IST


ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതി നല്‍കി.

വിദേശത്തു ജനിച്ച ഇന്ത്യന്‍ പൗരനും ഒ.സി.ഐ കാര്‍ഡുകള്‍ കൈവശമുള്ളതുമായ പ്രായപൂര്‍ത്തിയാകാത്തവര്‍, കുടുംബത്തിലെ അംഗത്തിന്റെ മരണം പോലുള്ള ദുരന്തങ്ങള്‍ മൂലം ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒ.സി.ഐ കാര്‍ഡ് ഉടമകള്‍, ജീവിതപങ്കാളിയില്‍ ഒരാള്‍ ഒ.സി.ഐ കാര്‍ഡ് ഉടമയും മറ്റൊരാള്‍ ഇന്ത്യന്‍ പൗരനുമായ ഇന്ത്യയില്‍ സ്ഥിര താമസ അനുവാദമുള്ള ദമ്പതികള്‍, ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ മാതാപിതാക്കളുടെ ഒ.സി.ഐ കാര്‍ഡ് ഉടമകളായ സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങി വരാം.

അതേസമയം, ഒ.സി.ഐ കാര്‍ഡ് ഉടമകളെ തിരിച്ചുകൊണ്ടുവരാന്‍ വിന്യസിച്ചിരിക്കുന്ന വിമാനം, കപ്പല്‍, ട്രെയിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനങ്ങള്‍ എന്നിവയ്ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് കേന്ദ്രം അറിയിച്ചു. 

Top