News Desk

2021-05-20 01:05:20 pm IST

ന്യൂഡല്‍ഹി: ബി.ബി.സി മാതൃകയില്‍ ടി.വി ചാനല്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് അന്താരാഷ്ട്ര ചാനല്‍ തുടങ്ങാന്‍ പദ്ധതി ഒരുങ്ങുന്നത്. 

ഇത് പെട്ടെന്നുള്ള തീരുമാനം അല്ലെന്നും ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണെന്നും പ്രസാര്‍ഭാരതി അധികൃതര്‍ പറയുന്നു. 'ഡി.ഡി ഇന്റര്‍നാഷണല്‍' ചാനലിന്റെ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കന്‍ ആവശ്യപ്പെട്ടുള്ള താല്‍പര്യപത്രം കഴിഞ്ഞ 13-ന് പുറപ്പെടുവിച്ചിരുന്നു. 

ദൂരദര്‍ശന്റെ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു പരിചയമുള്ള കണ്‍സള്‍ട്ടന്‍സികളെയാണ് പദ്ധതിരേഖ സമര്‍പ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടിനെ ലോകത്തെ അറിയിക്കുകയാണ് ചാനല്‍ വഴി ലക്ഷ്യമിടുന്നത്. ലോക പ്രേക്ഷകരോട് ഇന്ത്യയെ കുറിച്ച് പറയുകയും വേണം. ഇന്ത്യയെ കുറിച്ചുള്ള ആഗോള വാര്‍ത്താ ഉറവിടമായി ഡി.ഡി ഇന്റര്‍നാഷണലിനെ മാറ്റണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

24x7 നീണ്ടുനില്‍ക്കുന്ന മുഴുനീള പ്രക്ഷേപണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്യൂറോകള്‍ ആരംഭിക്കാനും പദ്ധതിയിടുന്നു. വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ പരിപാടികളാകും സംപ്രേഷണം ചെയ്യുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top