News Desk

2021-05-10 12:33:37 pm IST

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. 

സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപനതോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ന് ഇതുസംബന്ധിച്ച് നടക്കുന്ന വാദത്തിന് മുന്നോടിയായി ഞായറാഴ്ച രാത്രിയാണ് സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ദ്ധര്‍, വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് വാക്‌സിന്‍ നയം രൂപീകരിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

പൊതു പണം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ല എന്നുറപ്പ് വരുത്തിയതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ വാക്‌സിനുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് രാജ്യത്തെ വാക്‌സിന്‍ വിലയും ഘടകമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷപാത രഹിതവും യുക്തി സഹവുമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് വിഭിന്നമായി വളരെ കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. അതിനാലാണ് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമുള്ള വിലയില്‍ ചെറിയ വ്യത്യാസം പ്രതിഫലിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top