News Desk

2021-04-07 08:19:08 pm IST
ദോഹ: ഗ്രീന്‍ ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന ചില വിഭാഗത്തില്‍പ്പെട്ടവരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയം പ്രത്യേകമായി തയ്യാറാക്കിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈനിലുള്ള ഇളവുകള്‍ ലഭിക്കുന്നത്. അതേസമയം ഹോംക്വാറന്റൈന് ഇവര്‍ വിധേയമായിരിക്കും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇളവുകള്‍ അനുവദിച്ചിട്ടുള്ള വിഭാഗങ്ങള്‍

1. ഒറ്റയ്‌ക്കോ മാതാപിതാക്കള്‍ക്കൊപ്പമോ മടങ്ങിയെത്തുന്ന 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കും. അതേസമയം, ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണം. 

2. ഖത്തറിലെ കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോഡ് സ്വീകരിച്ചവര്‍ പതിനാല് ദിവസം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിലേക്ക് പോകണം. അല്ലെങ്കില്‍ നിശ്ചയിച്ചിരിക്കുന്ന കാലാവധി പൂര്‍ത്തിയാക്കുന്നതു വരെ ഹോം ക്വാറന്റൈനില്‍ പോകണം. 

3. ഖത്തറിന് പുറത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. 

4. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അവരുടെ പരിചരണക്കാര്‍ക്കും ഇളവ് ലഭ്യമാണ്. 

5. കൊവിഡ്  രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് സ്വന്തം വസതില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പമോ ഭര്‍ത്താവിനൊപ്പമോ രാജ്യത്തേക്ക് മടങ്ങുന്ന ഗര്‍ഭിണികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 

6. കൊവിഡ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് സ്വന്തം വസതില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പമോ ഭര്‍ത്താവിനൊപ്പമോ രാജ്യത്തേക്ക് മടങ്ങുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്കും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. 

7.  പൊതുജനാരോഗ്യ മന്ത്രാലയം ചികിത്സയ്ക്കായി പുറത്തേയ്ക്ക് അയച്ച രണ്ട് ഡോഡ് വാക്‌സിന്‍ സ്വീകരിച്ച രോഗികള്‍ക്കും അവരുടെ അതേ വസതിയില്‍ താമസിച്ച പരിചരണകാര്‍ക്കും ഇളവ് ലഭ്യമാണ്.   

മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഹോം ക്വാറന്റൈന്‍ നടപടികള്‍ പാലിക്കുമെന്ന് വ്യക്തമാക്കുന്ന കരാറില്‍ ഒപ്പിടണം. 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി അവരുടെ മാതാപിതാക്കളോ രക്ഷാധികാരികളോ  നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന കരാറില്‍ ഒപ്പിടണം. 

രാജ്യത്തേക്ക് മടങ്ങിയെത്തുന്ന യാത്രക്കാര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുവദിച്ച കേന്ദ്രങ്ങളില്‍ നിന്നോ എയര്‍പോട്ടുകളില്‍ നിന്നോ കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള 72 മണിക്കൂര്‍ പിന്നിടാത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവസമുണ്ടായിരിക്കണം.

Top