News Desk

2021-12-04 05:49:23 pm IST
റോം: വാക്‌സിനെടുക്കാതെ സര്‍ട്ടിഫിക്കറ്റ് നേടാന്‍ കൃത്രിമ കൈ ഘടിപ്പിച്ച് കുത്തിവെയ്പ്പിനെത്തിയ 50കാരന്‍ പിടിയിലായി.  യഥാര്‍ഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും തിരിച്ചറിഞ്ഞ ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇറ്റലിയിലാണ് സംഭവം.

കൊവിഡ് മഹാമാരിക്കിടയിലും നക്കുന്ന ഇത്തരം ദുഷ് പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറ്റലിയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

കഴിഞ്ഞ ആഗസ്റ്റ് മുതല്‍ റസ്റ്റോറന്റുകളിലും ഇന്‍ഡോര്‍ പരിപാടികളിലും മ്യൂസിയങ്ങളിലും സിനിമാശാലകളിലും പ്രവേശിക്കണമെങ്കിലും കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ സമീപകാലത്ത് കൊവിഡ് വന്നുപോയതിന്റെ സര്‍ട്ടിക്കറ്റോ വേണമെന്ന നിബന്ധന വെച്ചിരുന്നു. 

എന്നാല്‍, ഡിസംബര്‍ ആറുമുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇവിടങ്ങളില്‍ പ്രവേശനം. ഒമിക്രോണ്‍ ഉള്‍പ്പെടെ പുതിയ വകഭേദങ്ങളുടെ ഭീതിയെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം. 

എന്നാല്‍, ഇതിനെതിരെ ഇറ്റലിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലോകത്ത് ഏറ്റവും ആദ്യം കൊവിഡ് പടര്‍ന്നുപിടിച്ച യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. എന്നാല്‍, ഇപ്പോള്‍ അയല്‍രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് രാജ്യം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top