News Desk

2021-02-22 06:02:06 pm IST
ദുബൈ: യു.എ.ഇയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കൊവിഡ് ആര്‍.ടി പി.സി.ആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഇന്ത്യന്‍ വ്യോമയാനആരോഗ്യ, കുടുംബക്ഷേമ വകുപ്പുകള്‍ അറിയിച്ചു.

യൂറോപ്പ്, മധ്യപൂര്‍വദേശം എന്നിവിടങ്ങളില്‍ നിന്നുള്ള നേരിട്ടോ, യു.എ.ഇ വഴിയോ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയോ ഇന്ത്യയിലേയ്ക്ക് വരുന്ന എല്ലാ പ്രായത്തിലുള്ള കുട്ടികളടക്കമുള്ള എല്ലാ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്. ഇവയില്ലാതെ യാത്ര ചെയ്യാന്‍ എത്തുന്നവരെ  വിമാനത്താവളങ്ങളില്‍ തടയും. 

72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് ഫലം ആണ് ഹാജരാക്കേണ്ടത്. കൂടാതെ, ഇന്ത്യയിലെത്തിയാല്‍ വിമാനത്താവളങ്ങളില്‍ മറ്റൊരു കൊവിഡ് പരിശോധനയ്ക്കും വിധേയരാകണം. ഇത് യാത്രക്കാരുടെ സ്വന്തം ചെലവിലാണ് നടത്തേണ്ടത്.

വീടുകളില്‍ 14 ദിവസം ക്വാറന്റൈനിലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി അധികൃതര്‍ നിരീക്ഷണ വിധേയമാക്കും. യു.എ.ഇയില്‍ കൊവിഡ് ആര്‍.ടി പി.സി.ആര്‍ പരിശോധനയ്ക്ക് 150 ദിര്‍ഹമാണ് ഈടാക്കുന്നത്. അതേസമയം, ഉമ്മുല്‍ഖുവൈന്‍ വീസക്കാര്‍ക്ക് അല്‍ സലാമ ഹെല്‍ത്ത് സെന്ററില്‍ സൗജന്യ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം: 

* എയര്‍ സുവിധാ സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം www.newdelhiairport.in എന്ന സൈറ്റ് സന്ദര്‍ശിച്ച് പൂരിപ്പിച്ച് യാത്രയ്ക്ക് മുന്‍പ് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. എയര്‍ സുവിധ ഫോറം പൂരിപ്പിച്ച യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറ്റാവൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

*കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളു. ഇവര്‍ എയര്‍സുവിധയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ഈ പരിഗണനയ്ക്കായി യാത്രയ്ക്ക്  മുന്‍പ് എയര്‍ സുവിധാ പോര്‍ട്ടല്‍ (www.newdelhiairport.in) വഴി അപേക്ഷിക്കണം. ഇതുസംബന്ധമായ അന്തിമ തീരുമാനം ഗവണ്‍മെന്റിന്റേതായിരിക്കും.

* പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

അതേസമയം, യു.കെ, യൂറോപ്പ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളായിരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top