News Desk

2020-02-24 06:42:36 pm IST
കെയ്‌റോ: ഈജിപ്തില്‍ ചേലാകര്‍മ്മം നടത്തിയതിനെ തുടര്‍ന്ന് 12 വയസുകാരി കൊല്ലപ്പെട്ടു. കേസില്‍ ചേലാകര്‍മ്മം (എഫ്.ജി.എം) ശസ്ത്രക്രിയ നടത്തിയ വിരമിച്ച ഡോക്ടറും കുട്ടിയുടെ മാതാപിതാക്കളും പിടിയിലായി.                               

നിയമവിരുദ്ധമായ ഇത്തരം ആചാരങ്ങളില്‍ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കാന്‍ ബാലാവകാശ വകുപ്പ് പ്രതികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്  ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹമദ എല്‍-സാവി പ്രതികളെ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ ഉത്തരവിട്ടു.

തെക്കന്‍ ഈജിപ്തിലെ അസിയൂട്ടിന് സമീപമുള്ള മാന്‍ഫാലൗട്ടിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വച്ച് കഴിഞ്ഞ മാസമാണ് ഡോക്ടര്‍ അബ്ദുല്‍ ഫദീല്‍ റഷ്വാനെയും മാതാപിതാക്കളായ നാഡാ ഹസ്സന്‍ അബ്ദുല്‍-മക്‌സൂദിനെയും പൊലീസ് അറസ്റ്റുചെയ്തത്. എന്നാല്‍ ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.     

എന്നാല്‍ കോടതി വിചാരണയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളുടെ ചേലാകര്‍മ്മം നടത്താന്‍ ആവശ്യപ്പെട്ടതായും 70 വയസ് പ്രായമുള്ള ഡോക്ടര്‍ അവരുടെ ആവശ്യപ്രകാരം ശസ്ത്രക്രിയ നടത്തിയെന്നും കണ്ടെത്തി. 

ശസ്ത്രക്രിയ 30 മിനിറ്റോളം നീണ്ടുനിന്നതായും പെണ്‍കുട്ടി അബോധാവസ്ഥയിലായതായും പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയ ആശുപത്രിക്ക് 2016 ഓഗസ്റ്റ് മുതല്‍ ലൈസന്‍സ് ഇല്ലെന്നും മോശം സജ്ജീകരണങ്ങളാണെന്നും അണുബാധയെ ചെറുക്കുന്നതിനുള്ള നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.     
              
പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഇത്തരം അപകടകരമായ എഫ്.ജി.എമ്മിന്റെ മറ്റു കേസുകളെ തടയുമെന്ന് എന്‍.ജി.ഒകളുടെ യൂണിയന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാന്‍ഡ ഫഖര്‍ എല്‍ ദീന്‍ പറഞ്ഞു. 

2008 ല്‍ ഈജിപ്തില്‍ സ്ത്രീകളുടെ ചേലാ കര്‍മ്മം നിരോധിച്ചിരുന്നുവെങ്കിലും 2016 ലെ യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് നടത്തിയ സര്‍വേയില്‍ 15-49 വയസ് പ്രായമുള്ള 87 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ചേലാകര്‍മ്മത്തിന് വിധേയരായതായി കണ്ടെത്തി. 

2016 ല്‍ ഈ ആചാരം കുറ്റകരമാക്കി. നിയമപ്രകാരം ഇത്തരം ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരെ ഏഴു വര്‍ഷം വരെ തടവിലാക്കാം. ശസ്ത്രക്രിയ ആവശ്യപ്പെടുന്നവരെ മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിക്കാനും നിയമം നിലവില്‍ വന്നു.              

അതേസമയം, നിയമം കര്‍ശനമായി നടപ്പാക്കിയിട്ടില്ലെന്നും കുറ്റവാളികളെന്ന് കണ്ടെത്തിയ കുറച്ചുപേര്‍ക്ക് നേരിയ ശിക്ഷ മാത്രമേ ലഭിക്കൂവെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ദീര്‍ഘകാലം നിലനില്‍ക്കുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന എഫ്.ജി.എം ശസ്ത്രക്രിയ നിര്‍മാര്‍ജനം ചെയ്യുമെന്ന് 2030 ഓടെ ലോക നേതാക്കള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. എന്നാല്‍ പ്രചാരകര്‍ പറയുന്നത് പുരാതന ആചാരം പലയിടത്തും ആഴത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ്.   

ഈജിപ്തില്‍ മിക്ക ചേലാ കര്‍മ്മങ്ങളും സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് നടത്തുന്നത്. മറ്റു ചിലര്‍ വീട്ടില്‍ തന്നെ ചെയ്യുന്നുവെന്ന് 2014 ലെ ഈജിപ്ത് ഡെമോഗ്രാഫിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാലഹരണപ്പെട്ട ആചാരങ്ങളുമായും പാരമ്പര്യങ്ങളുമായും ബന്ധപ്പെടുത്തിയിരിക്കുന്ന അപകടകരമായ പ്രക്രിയകളിലേക്ക് പെണ്‍മക്കളെ എറിഞ്ഞു കൊടുക്കരുതെന്ന് ഈജിപ്തിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹമദ എല്‍-സാവി മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

Top