News Desk

2021-05-07 04:41:10 pm IST
ന്യൂഡല്‍ഹി: മുംബൈ അധോലോക നായകന്‍ ഛോട്ടാരാജന്‍ (61) കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 26-നാണ് രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. 

നേരത്തെ രാജ്യം വിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോനേഷ്യയില്‍നിന്ന് പിടികൂടി തിരികെ എത്തിച്ചത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ 2018-ല്‍ ഛോട്ടാരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

സിനിമാ തീയേറ്ററുകളില്‍ ടിക്കറ്റ് ബ്ലാക്കില്‍ വിറ്റാണ് ഛോട്ടാ രാജന്‍ എന്ന രജേന്ദ്ര സദാശിവ് നിഖല്‍ജി തന്റെ ക്രമിനല്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് കൊലപാതകത്തിലേക്കും കള്ളക്കടത്തിലേക്കും മയക്കുമരുന്നു വ്യാപാരത്തിലേക്കും കടന്നു. മുംബൈ അധോലോകത്തിന്റെ ഒരുകാലത്തെ രാജാവായിരുന്ന ബഡാ രാജന്റെ അനുയായി ആയാണ് ഛോട്ട അധോലോകത്തെത്തുന്നത്. പിന്നീട് ബഡാ രാജന്റെ മരണത്തോടെ സംഘത്തിന്റെ തലവനായി. 

മുംബൈ അധോലോകത്ത് കുപ്രസിദ്ധി നേടി ദാവൂദ് ഇബ്രാഹിമ്മിന്റെ വലം കൈയ്യായും ഛോട്ടാ രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദാവൂദിന്റെ സംഘത്തിലെ ഛോട്ടാ ഷക്കില്‍, ശരദ് ഷെട്ടി, സുനില്‍ സാവന്ത് എന്നിവരുടെയെല്ലാം കൊലക്ക് പിന്നില്‍ ഛോട്ടാ രാജന്‍ ആയിരുന്നു. 

മുംബൈ സ്ഫോടനത്തിന് ശേഷമാണ് ദാവൂദുമായി തെറ്റിപ്പിരിയുന്നത്. പിന്നീട് ഛോട്ടാ രാജനെ ദാവൂദ് പലതവണ വധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാജന്‍ റോയ്ക്കു വേണ്ടി ദാവൂദിന്റെ പല രഹസ്യ വിവരങ്ങളും ചോര്‍ത്തി കൊടുത്തിരുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1995-ല്‍ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഛോട്ടാരാജനെ ഇന്റര്‍പോള്‍ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെടുത്തിയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top