News Desk

2021-02-13 01:18:50 pm IST

ബീജിംഗ്: ബി.ബി.സി വേള്‍ഡ് ന്യൂസിന് ചൈനയില്‍ നിരോധനം. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്ലീംങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള ബി.ബി.സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാധ്യമത്തെ രാജ്യത്ത് നിരോധിച്ചത്.

ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി.ജി.ടി.എന്നിന് (CGTN) അടുത്തിടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പ്രതികാരം ചെയ്യുമെന്ന് ചൈന ഭീഷണിപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ബി.ബി.സി ചൈനയില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കിയത് എന്നതും ശ്രദ്ധേയമാണ്. 

ചൈനയെ കുറിച്ച് ബി.ബി.സി വേള്‍ഡ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമല്ലെന്നും വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും ചൈനയുടെ നാഷണല്‍ റേഡിയോ ആന്‍ഡ് ടെലവിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. ഒപ്പം ചൈനയുടെ ദേശീയ താല്‍പ്പര്യങ്ങളെയും വംശീയ ഐക്യദാര്‍ഢ്യത്തെയും ദുര്‍ബലപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ബി.ബി.സി നല്‍കുന്നതെന്നും അവര്‍ ആരോപിക്കുന്നു. 

ചൈനയിലെ കൊവിഡ് 19-നുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗറുകള്‍ക്കും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങള്‍, ലൈംഗികാക്രമണങ്ങള്‍, നിര്‍ബന്ധിതവേല തുടങ്ങിയ കാര്യങ്ങള്‍ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തതിനെ ചൈനീസ് സര്‍ക്കാര്‍ നിശിതമായി വിമര്‍ശിച്ചു. 

''ചൈനീസ് അധികൃതരുടെ ഈ നടപടിയില്‍ ഞങ്ങള്‍ നിരാശരാണ്. ഏറ്റവും വിശ്വസനീയമായ അന്താരാഷ്ട്ര വാര്‍ത്താസംപ്രേഷകരാണ് ബി.ബി.സി, ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ നേരായും നിഷ്പക്ഷമായും ഭയമോ പ്രത്യേകതാല്‍പര്യമോ ഇല്ലാതെയുമാണ് നാം റിപ്പോര്‍ട്ട് ചെയ്യുന്നത്'' എന്നാണ് ഇതിനോട് ബി.ബി.സി പ്രതികരിച്ചത്. 

ബി.ബി.സിയെ നിരോധിച്ചത് മാധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു.

'മാധ്യമ-ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്മേല്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഈ പുതിയ നടപടി ലോകത്തിനു മുന്‍പിലെ ചൈനയുടെ സ്ഥാനത്തിന് കോട്ടമുണ്ടാക്കുകയേയുള്ളു,' ഡൊമിനിക് റാബ് ട്വീറ്റ് ചെയ്തു.

'സിന്‍ജിയാങ്ങിലെ ഉയ്ഗറുകള്‍ക്ക് നേരെനടക്കുന്നത് വംശഹത്യയാണ്. ഇത് റിപ്പോര്‍ട്ട് ചെയ്തതിന് ബി.ബി.സിയെ നിശബ്ദരാക്കുന്നത് ചൈനീസ് സര്‍ക്കാര്‍ തങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാണിക്കുന്നതാണ്.', ലിബറല്‍ ഡെമോക്രാറ്റുകളുടെ വിദേശകാര്യ വക്താവ് ലെയ്ല മൊറാന്‍ പറഞ്ഞു.

''ബി.ബി.സിയെ ചൈനയില്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് വിലക്കാനുള്ള തീരുമാനം ചൈനീസ് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ ഭരണത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണ്.'', ചൈന യു.കെ ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് അംഗം യാസ്മിന്‍ ഖുറേഷി പറഞ്ഞു.

ചൈനയിലെ മിക്കവാറും ടി.വി ചാനല്‍ പാക്കേജുകളിലും ബി.ബി.സി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഹോട്ടലുകളിലും റെസിഡന്‍സ് ഏരിയകളിലും ബി.ബി.സി ലഭ്യമായിരുന്നു. ഇതടക്കം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുTop