News Desk

2021-02-24 05:29:30 pm IST

ബീജിംഗ്: വിവാഹമോചനം നേടിയ ഭര്‍ത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും പ്രതിഫലം നല്‍കണമെന്ന് ചൈനീസ് കോടതിയുടെ വിധി. 50,000 യുവാന്‍ (5.57 ലക്ഷം രൂപ) നല്‍കണമെന്നാണ് വിധി. 

അഞ്ച് വര്‍ഷത്തെ വിവാഹജീവിതത്തിനിടെ ഭാര്യയാണ് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്തതെന്നും ഇത് പ്രതിഫലമില്ലാത്ത ജോലിയാണെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി വിധി. ചെന്‍ എന്ന യുവാവാണ് തന്റെ ഭാര്യയായ വാങ്ങില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. 

2015-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹമോചനത്തിന് വാങ് തയ്യാറായിരുന്നില്ല. മതിയായ നഷ്ടപരിഹാരം നല്‍കിയാല്‍ വിവാഹമോചനത്തിന് തയ്യാറാണെന്ന് പിന്നീട് വാങ് അറിയിച്ചു. 

വീട്ടുജോലിക്കോ കുട്ടികളെ നോക്കുന്നതിലോ ഭര്‍ത്താവായ ചെന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ബീജിങ്ങിലെ ഫാങ്ഷാന്‍ ജില്ല കോടതിയാണ് വാങ്ങിന് അനുകൂലമായി വിധിച്ചത്. 

പ്രതിമാസം 2000 യുവാന്‍ ജീവനാംശമായി നല്‍കാനും ഇതോടൊപ്പം 50,000 യുവാന്‍ വാങ് ചെയ്ത വീട്ടുജോലിയുടെ പ്രതിഫലമായി നല്‍കാനുമാണ് വിധി. ഈ വര്‍ഷം ചൈനയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ സിവില്‍ കോഡ് അനുസരിച്ചാണ് വിധി. 

പുതിയ നിയമപ്രകാരം, കുട്ടികളെ വളര്‍ത്തുന്നതിലും പ്രായമായ ബന്ധുക്കളെ പരിപാലിക്കുന്നതിലും പങ്കാളികളെ അവരുടെ ജോലിയില്‍ സഹായിക്കുന്നതിലും കൂടുതല്‍ ഉത്തരവാദിത്തം വഹിക്കുന്ന ഒരു പങ്കാളിയ്ക്ക് വിവാഹമോചനത്തില്‍ നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്.

ചൈനയില്‍ ഒരു വീട്ടമ്മ ദിവസം നാല് മണിക്കൂറിലേറെ വീട്ടുജോലിയിലേര്‍പ്പെടുന്നതായാണ് കണക്കാക്കുന്നത്. ഇത് പുരുഷനെ അപേക്ഷിച്ച് രണ്ടര ഇരട്ടിയിലേറെ സമയമാണ്. അഞ്ച് വര്‍ഷത്തെ വീട്ടുജോലിക്ക് 50,000 യുവാന്‍ പ്രതിഫലമിട്ടത് കുറഞ്ഞുപോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമുയരുന്നത്. പുരുഷന്മാര്‍ വീട്ടുജോലിയില്‍ കൂടുതല്‍ പങ്കാളികളാകണമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top