News Desk

2021-03-08 01:40:38 pm IST

ബീജിംഗ്: ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ ഏറ്റവും കൂടുതല്‍ പൗരസ്വാതന്ത്ര്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഹോങ്കോങ്ങിലെ വോട്ടിങ് സമ്പ്രദായം അടിമുടി പരിഷ്‌കരിക്കാന്‍ തീരുമാനിച്ച് ചൈന. 

നിലവില്‍ ഹോങ്കോങ്ങിന്റെ ഭരണാധികാരിയെ നിര്‍ണ്ണയിക്കുന്ന 1200 ഇലക്റ്റര്‍മാര്‍ അടങ്ങുന്ന സമിതിയെ കൂടുതല്‍ ചൈനീസ് ദേശഭക്തരെ ഉള്‍പ്പെടുത്തി വികസിപ്പിക്കാനാണ് ചൈന തീരുമാനിച്ചിട്ടുള്ളത്. 

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ചൈനയുടെ കര്‍ശനനടപടികളില്‍ ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്ന് അധികം താമസിയാതെയാണ് ഈ പുതിയ പരിഷ്‌കാരം ചൈന നടപ്പാക്കിയിരിക്കുന്നത്. പ്രതിഷേധക്കാരെ പലരെയും ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ഗുരുതരമായ കുറ്റം ചുമത്തി അനിശ്ചിതകാലത്തേക്കാണ് തുറുങ്കില്‍ അടച്ചിട്ടുള്ളത്. 

'ബേസിക് ലോ' എന്നറിയപ്പെടുന്ന കല്‍പിത ഭരണഘടനയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തി, ഹോങ്കോങില്‍ ഇപ്പോള്‍ നിലവിലുള്ള 'അന്തച്ഛിദ്രങ്ങള്‍' പരിഹരിക്കാനാണ് ചൈന ശ്രമിക്കുന്നത് എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ബേസിക് ലോയിലാണ് ഹോങ്കോങ്ങില്‍ 'ഒരാള്‍ക്ക് ഒരു വോട്ട്' എന്ന സമ്മതിദാനസങ്കല്‍പം നടപ്പാക്കും എന്നുള്ള വാഗ്ദാനമുള്ളത്.

ചൈനയില്‍ ഇപ്പോള്‍ നിലവിലുള്ള, 'ഒരു രാജ്യം, ഒരു പാര്‍ട്ടി' സംവിധാനം തന്നെയാണ് ഹോങ്കോങ്ങിലും കൊണ്ടുവരാന്‍ അവര്‍ പ്രയത്‌നിക്കുന്നത്. പ്രതിപക്ഷത്തെ സ്ഥിരം ന്യൂനപക്ഷമാക്കി മാറ്റാന്‍ വേണ്ടി അവരിലെ നേതൃസ്ഥാനത്തുള്ളവരെ തുറുങ്കില്‍ അടക്കാനും നിയമ നടപടികള്‍ കാണിച്ച് ഭീഷണിപ്പെടുത്താനും ഒക്കെയാണ് ഇപ്പോള്‍ ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

1997-ല്‍ 'ഒരു രാജ്യം, രണ്ടു സംവിധാനം' എന്ന വാഗ്ദാനത്തോടെയാണ് ബ്രിട്ടണ്‍ ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറിയത്. എന്നാല്‍, ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് ബ്രിട്ടന്‍ നല്‍കിയ ആ വാഗ്ദാനം പാടെ ലംഘിക്കുന്ന തരത്തിലുള്ളതാണ് ചൈനയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും പുതിയ നയങ്ങള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 




Top