Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ അറസ്റ്റ് ചെയ്തു. ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ-എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാടകീയ രംഗങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്.

സിബിഐ സംഘവും എന്‍ഫോഴ്സ്മെന്റ് സംഘവും അറസ്റ്റ് ചെയ്യാന്‍ ചിദംബരത്തിന്റെ വീടിന് സമീപം എത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഗേറ്റ് ചാടിക്കടന്നാണ് അകത്ത് കയറിയത്.

ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിനു മുന്‍പില്‍ തമ്പടിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അല്‍പസമയത്തെ സംഘര്‍ഷത്തിനിടയാക്കി. 

ചിലര്‍ കാറിനു മുകളിലേക്കും കയറി. എന്നാല്‍ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. ചിദംബരത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് ആരോഗ്യ പരിശോധനയ്ക്കു കൊണ്ടു പോയതായാണു വിവരം. പരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാകും സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യല്‍.

നേരത്തെ, ചിദംബരത്തിന്റെ ഹര്‍ജി അടിയന്തരമായി ഇന്ന് പരിഗണിക്കാന്‍ സാധിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ ഹര്‍ജി വെള്ളിയാഴ്ചയാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

ചിദംബരത്തിന്റെ ഹര്‍ജിയ്ക്കെതിരെ സി.ബി.ഐ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സി.ബി.ഐക്ക് നോട്ടീസ് നല്‍കാതെ ഒരു തീരുമാനവും എടുക്കരുതെന്നാണ് തടസ്സ ഹര്‍ജിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടത്. പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.

ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്സിലേക്ക് ഒഴുകിയെത്തിയത്. 

പിന്നീട്, ഐ.എന്‍.എക്സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ്.

Top