Sports Desk

2021-02-18 06:58:31 pm IST

മുംബൈ: ഐ.പി.എല്‍ 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങ് സ്വന്തം പേരില്‍ കുറിച്ച 16 കോടിയുടെ റെക്കോഡാണ് 25 ലക്ഷം അധികം വാങ്ങി രാജസ്ഥാന്‍ റോയല്‍സിലെത്തിയ മോറിസ് പഴങ്കഥയാക്കിയത്. 

75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില. എല്ലാ ടീമുകളും താരത്തിനു പിന്നാലെയായതോടെ തുക റെക്കോഡ് ഭേദിച്ച് കുതിച്ചുയരുകയായിരുന്നു. മോറിസിനായി അവസാനനിമിഷം വരെ പഞ്ചാബ് കിങ്സും രംഗത്തുണ്ടായിരുന്നു

വലതു കൈയ്യന്‍ ഫാസ്റ്റ് ബൗളറായ മോറിസ് ബാറ്റിങ്ങില്‍ അവസാന ഓര്‍ഡറില്‍ ഇറങ്ങി കൂറ്റന്‍ ഇന്നിങ്‌സുകള്‍ക്കും പേരുകേട്ട താരമാണ്. ഇതുവരെയായി 70 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച് 80 വിക്കറ്റും 551 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2012-ലാണ് ദക്ഷിണാഫ്രിക്കന്‍ ദേശീയ ജഴ്‌സി ആദ്യമായി അണിയുന്നത്. 2019-നു ശേഷം ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടില്ല. എന്നിട്ടും, ഐ.പി.എല്ലില്‍ റെക്കോഡിട്ടതാണ് കൗതുകമായത്.

ഓസ്‌ട്രേലിയന്‍ താരം മാക്സ്വെലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് മാക്സ്വെലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് മാക്സ്വെലിനെ സ്വന്തമാക്കിയത്. 

14 കോടി വിലയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജി റിച്ചാര്‍ഡ്‌സണെ പഞ്ചാബ് സ്വന്തമാക്കി. ഇന്ത്യയുടെ കൃഷ്ണപ്പ ഗൗതം 9.25 കോടിക്ക് ചെന്നൈയിലെത്തി. കൊല്‍ക്കത്തയും ഹൈദരാബാദും ആദ്യാവസാനം രംഗത്തുണ്ടായിരുന്ന താരത്തിനായി അവസാനത്തിലാണ് ചെന്നൈ രംഗത്തെത്തുന്നതും വന്‍തുകക്ക് കൂടെ കൂട്ടുന്നതും.

ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. രണ്ടു കോടി രൂപയായിരുന്നു മോയിന്‍ അലിയുടെ അടിസ്ഥാന വില. ബംഗ്ലദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടിക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും ടീമിലെത്തിച്ചു. 

മലയാളി താരം സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിറ്റുപോയത്. ഇരുവരും അടുത്ത സീസണില്‍ ബെംഗളൂരുവിനു വേണ്ടി കളിക്കും.

മുംബൈ ഇന്ത്യന്‍സ് അഞ്ചു കോടി നല്‍കി നഥാന്‍ കോള്‍ട്ടര്‍ നൈലിനെയും 3.20 കോടിക്ക് ആദം മൈനിനെയും 2.40 കോടിക്ക് പിയൂഷ് ചൗളയെയും സ്വന്തമാക്കി. തമിഴ്‌നാട് ഓള്‍റൗണ്ടര്‍ ഷാറുഖ് ഖാന്‍ 5.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ഇലവനിലെത്തി. ക്രിസ്റ്റഫര്‍ മോറിസിനെ റെക്കോഡ് തുകക്ക് സ്വന്തമാക്കിയ രാജസ്ഥാന്‍ ശിവം ദുബെയെ 4.40 കോടിക്കും മുസ്തഫിസുര്‍ റഹ്മാനെ ഒരു കോടിക്കും സ്വന്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top