News Desk

2021-11-26 12:46:36 pm IST
കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മൊഫിയയുടെ ആത്മഹത്യ കേസില്‍ സി.ഐ സുധീറിന് സസ്പെന്‍ഷന്‍. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഡി.ജി.പിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. 

സുധീറിനെതിരെ വകുപ്പുതല അന്വേഷണവും ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.  കഴിഞ്ഞ് മൂന്ന് ദിവസമായി സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമായിരുന്നു നടന്നത്.  

മൊഫിയയുടെ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിട്ടും സി.ഐ സുധീറിനെതിരെ നടപടിയെടുക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.സി.ഐയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥലം മാറ്റാന്‍ മാത്രമായിരുന്നു ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചത്. 

സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹവും മാര്‍ച്ചും നടത്തി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.

സംഭവത്തില്‍ എസ്.പി ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐ സുധീര്‍ വലിയ പിഴവ് വരുത്തിയിട്ടില്ലെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതേതുടര്‍ന്ന് സി.ഐയെ സംരക്ഷിക്കാനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

പിന്നാലെ സി.ഐയ്ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന പുതിയ റിപ്പോര്‍ട്ട് എസ്.പി പുറത്തിറക്കുകയായിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് നീതി ഉറപ്പുവരുത്തുമെന്ന ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്ക് സസ്പെന്‍ഷന്‍ നല്‍കി ഉത്തരവ് വന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top