2019-12-11 12:51:56pm IST

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് 'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍' എന്ന വാക്കുകളോടെയാണ്. അതെ, വ്യത്യസ്ത ജാതി-മത- സംസ്‌ക്കാര-രാഷ്ട്രീയ  വൈവിധ്യമുള്ള രാജ്യമാണ് നമ്മുടേത്. ഭരണഘടനാ വിഭാനം ചെയ്യുന്ന മറ്റൊന്നാണ് ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് എന്നുള്ളത്. അതെ, ഇന്ത്യ ഒരു മതേതര -ജനാധിപത്യ രാഷ്ട്രം തന്നെയാണ്. 

എന്നാല്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന, ഇന്ത്യ ഭരിക്കുന്ന, സംഘപരിവാര്‍, ആര്‍.എസ്.എസ്, ബി.ജെ.പി സര്‍ക്കാരിനു രാജ്യത്തിന്റെ ഈ ബഹുസ്വരത ഭീഷണിയാണ്. അതുകൊണ്ടാണ് അത് തകര്‍ക്കുന്ന രീതിയിലുള്ള ക്രൂരവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തികള്‍ എന്‍.ഡി.എ ഭരണകൂടം ചെയ്തുകൂട്ടുന്നത്. 

ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ സംഘടിപ്പിച്ചു, ഒന്നിപ്പിച്ചു നിര്‍ത്തി ലോകത്തിലെ ഒരു രാഷ്ട്രത്തിനും പരാജയപ്പെടുത്താന്‍ പറ്റാത്ത അതിശക്തമായ ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റുമെന്ന് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ആര്‍.എസ്.എസ് പ്രഖ്യാപിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങള്‍ ഹിന്ദു രാഷ്ട്രത്തിലേയ്ക്കുള്ള ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് യാത്രയാണ്. 

ഈ യാത്രക്കിടയില്‍ രാജ്യത്തെ മുസ്‌ലീങ്ങളെയും ദളിതരെയും ആദിവാസികളെയും സംഘപരിവാരങ്ങള്‍ കൊന്നൊടുക്കി. ഗുജറാത്ത് കലാപമായും, ദാദ്രി കലാപമായും, ബാബറി മസ്ജിദ് പൊളിക്കലായും, ബീഫ് നിരോധനമായും, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയലായും രാജ്യത്ത് ആര്‍.എസ്.എസ് അജണ്ടകള്‍ വ്യക്തമായി പ്രതിഫലിക്കപ്പെട്ടു. ഏറ്റവും ഒടുവിലത്തേത് ഈ രാജ്യത്തെ മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പൗരത്വ ഭേദഗതി ബില്ല് നിയമമാക്കലാണ്. 

ലോകസഭയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചക്കൊടുവില്‍ ചൊവ്വാഴ്ച അംഗീകരിച്ച ബില്ല് രാജ്യസഭയില്‍ ചര്‍ച്ചക്കെടുത്തിരിക്കുകയാണ്. രാജ്യസഭയില്‍ കൂടി അംഗീകരിച്ചാല്‍ ബില്ല് നിയമമായിമാറും. അതോടെ രാജ്യം മുസ്ലീങ്ങളുടെ തടവറയായി മാറും. പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടും. മനുഷ്യവകാശങ്ങളുടെ കടുത്ത ലംഘനങ്ങളാകും രാജ്യത്ത് നടക്കുക. മുസ്ലിം സമുദായത്തെ രണ്ടാം തരം പൗരന്മാരായി മാറ്റുക എന്ന ഉദ്ദേശം മാത്രമല്ല വംശഹത്യ, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, മുസ്ലിംങ്ങളുടെ ഉന്മൂലനം എന്നിവയും കൂടിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ലോക്സഭയില്‍ സര്‍ക്കാറിന് എളുപ്പത്തില്‍ പാസാക്കാനായ ബില്‍ രാജ്യസഭയിലും പാസാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ സഹായം കൂടാതെ ബില്ല് പാസാക്കാന്‍ കഴിയില്ല.

240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു ബില്ലിനെ അനുകൂലിച്ചു. യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തു. 

എന്താണ് പൗരത്വ ഭേദഗതി ബില്‍-2019, ദേശീയ പൗരത്വ രജിസ്റ്റര്‍ ? 

1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. എന്നാല്‍, ബില്ലില്‍ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ല. 

2014, ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. നേരത്തെ, 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ ബില്ലില്‍ അത് അഞ്ച് വര്‍ഷം വരെ എന്നാക്കി കുറച്ചു. ആര്‍ക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.

അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. എന്നാല്‍, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബര്‍ 20ന് പറഞ്ഞിരുന്നു.

'അനധികൃത' ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ആറ് മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ട കാലാവധി ആറ് വര്‍ഷമായി ബില്‍ കുറച്ചിട്ടുണ്ട്. പൗരത്വനിയമം ലംഘിച്ചാല്‍ വിദേശിയരായ ഇന്ത്യന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം, പൗരത്വ  ബില്ലിലൂടെ മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്റെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. വടക്കു കിഴക്കന്‍ മേഖലയുടെ ജീവിതത്തിനും ഇന്ത്യയെന്ന ആശയത്തിനും നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ' ഈ രാജ്യത്തുനിന്നും ഒരു പൗരനെയും നാടുകടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇവിടെ ഒരു വിഭാഗീയതയും ഭിന്നിപ്പും പൗരത്വബില്ലും ഇല്ല,രാജ്യത്തെക്കാള്‍ വലുതല്ല മറ്റൊന്നും ജനങ്ങള്‍ക്ക് ഒരുപാട് രാഷ്ട്രീയ ആദര്‍ശങ്ങള്‍ ഉണ്ട് പക്ഷെ രാജ്യം അതിനെ ബുദ്ധിമുട്ടിക്കുകയാണ്, ഇതൊരു വിഭജന ബില്ലാണ്. എന്ത് വിലകൊടുത്തും അതിനെ എതിര്‍ക്കും.', എന്ന് മമത പറഞ്ഞിരുന്നു. 

ബില്ലിനെതിരെ ഓള്‍ അസം സ്റ്റുഡന്‍സ് അസോസിയേഷന്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തി. പൗരത്വ ബില്ല് കീറിയെറിഞ്ഞും കത്തിച്ചുമായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധിപ്പേരെയാണ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.

ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.  പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്ര നടപടിക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. 

പൗരത്വ ബില്ലിനെതിരെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ 25000 വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിനൊരുങ്ങുകയാണ്. സമരത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി മുഴുവനായും അടച്ചിടാനാണ് തീരുമാനം. അവസാന സെമസ്റ്റര്‍ പരീക്ഷ  ബഹിഷ്‌കരിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.

സമരത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ അധ്യാപകരും ബില്ല് നടപ്പാക്കുന്ന ഭരണാധികാരികള്‍ക്കൊപ്പമാണെന്ന് കരുതുമെന്നും നോട്ടീസില്‍ പറയുന്നു.

ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി 600 ഓളം കലാകാരന്മാരും എഴുത്തുകാരും മുന്‍ ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും ഭരണഘടനയുടെ ഫെഡറലിസത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും അവര്‍ തുറന്ന് കത്തില്‍ പറയുന്നു.

എഴുത്തുകാരായ നയന്‍താര സാഹല്‍, അശോക് വാജ്പേയ്, അരുന്ധതി റോയ്, പോള്‍ സക്കറിയ, അമിതവ് ഘോഷ്, ശശിദേശ് പാണ്ഡെ തുടങ്ങിയവരും കലാകാരന്മാരായ ടി.എം കൃഷ്ണ, അതുല്‍ ദോഡിയ, വിവന്‍ സുന്ദരം, സൂധീര്‍ പട്വര്‍ധന്‍, ഗുലാം മുഹമ്മദ് ഷെയ്ക്, നീലിമ ഷെയ്ക്ക് തുടങ്ങിയവരും ചലച്ചിത്ര പ്രവര്‍ത്തകരായ അപര്‍ണസെന്‍, നന്ദിതാ ദാസ്, ആനന്ദ് പട്വരധന്‍, തുടങ്ങിടയവരും കൂടാതെ റൊമിലാ ഥാപ്പര്‍, പ്രഭാത് പട്നായിക്, രാമചന്ദ്ര ഗുഹ, ദീത കപൂര്‍, അകീല്‍ ബില്‍ഗ്രാമീ, സോയ ഹസ്സന്‍, ടീസ്റ്റ് സെറ്റല്‍വാഡ്, ഹര്‍ഷ് മന്ദര്‍, അരുണ റോയ്, ബെസ്വാഡ വില്‍സണ്‍ തുടങ്ങിയവരും ജസ്റ്റിസ് എ.പി ഷാ, യോഗേന്ദ്ര യാദവ്, ജി .എന്‍. ദേവി, നന്ദിനി സുന്ദര്‍, വജാത്ത് ഹബീബുള്ള തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചു.

പൗരത്വ ബില്‍ എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ വെച്ച് കീറിയെറിഞ്ഞിരുന്നു. നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ റജിസ്റ്റര്‍ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദവിയിലേക്കെത്തിയത്. താനും ഇവിടെ ഈ ബില്ല് വലിച്ചു കീറുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉവൈസി ബില്ല് വലിച്ചു കീറിയത്. എന്തിനാണ് കേന്ദ്ര സര്‍ക്കാരിന് മുസ് ലീങ്ങളോട് ഇത്ര വെറുപ്പെന്നും ഇത് രണ്ടാം വിഭജനമാണെന്നും ഉവൈസി ആരോപിച്ചിരുന്നു. 

പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി കാണരുത്. ആര്‍.എസ്.എസ് രാഷ്ട്രീയത്തോട് അകന്നു നില്‍ക്കുന്ന എല്ലാവരോടും ഇതുതന്നെയാവും ഇവര്‍ ചെയ്യുക. ഇനി നടക്കേണ്ടത് പ്രതിഷേധമാണ്. രാജ്യത്തിന്റെ എല്ലാ തെരുവുകളിലും പ്രതിഷേധം ശക്തമാവണം. ഫാസിസ്റ്റ് കാലത്ത് ജനാധിപത്യത്തിന്റെ സംരക്ഷകരായി ഓരോ പൗരനും മാറേണ്ടതുണ്ട്. 


Top