News Desk

2021-06-02 02:52:41 pm IST

കണ്ണൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനു 10 കോടി രൂപ ബി.ജെ.പിയോട് ആവശ്യപ്പെട്ടെന്ന്  ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നും പ്രസീത ആരോപിച്ചു. 

പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പൊതുമധ്യത്തില്‍ വിളിച്ചുപറഞ്ഞ് പ്രസീത രംഗത്ത് വന്നത്. ആരോപണം നിഷേധിച്ച സി.കെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.

10 ലക്ഷം രൂപ നല്‍കിയാല്‍ സി.കെ ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.

തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ ജാനുവിന് 10 ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബി.ജെ.പിയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് സി.കെ ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top