News Desk

2021-05-21 10:01:36 pm IST


തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടര്‍ക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുസ്ലീം ലീഗടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല. ഇതു പൊതുവിലുള്ള ഒരു ആലോചനയുടെ ഭാഗമായിട്ട് എടുത്ത തീരുമാനമാണ്. നേരത്തെ കെ.ടി ജലീല്‍ നല്ല നിലയിലായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത്. ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യുന്നതാണ് എന്ന ചിന്തയിലാണ് മുഖ്യമന്ത്രി തന്നെ ആ വകുപ്പ് ഏറ്റെടുക്കാം എന്ന് തീരുമാനിച്ചതെന്നും' പിണറായി പറഞ്ഞു. 

എന്നാല്‍ പിണറായിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ഒരു സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

'ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു, കൊടുത്തില്ല എന്നതല്ല ഇവിടുത്തെ പ്രശ്‌നം. കൊടുത്തിട്ട് തിരച്ചെടുത്തു എന്നതാണ് പ്രശ്‌നം. ബന്ധപ്പെട്ട സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നതാണ് ഇതിന് പിന്നിലെ കാര്യമായി പറയുന്നത്.'

'ഇതിനേക്കാള്‍ അപമാനിക്കല്‍ വേറെ എന്തുണ്ട്. ആ സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നത് അപമാനിക്കലാണ്. മതേതര പാരമ്പര്യത്തിന് തന്നെ അത് മോശമാണ്.', പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സര്‍ക്കാറിലെ വകുപ്പ് വിഭജന വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായിരുന്നു. സ്‌പോര്‍ട്‌സിനൊപ്പം വി അബ്ദുറഹ്മാനായിരിക്കും വകുപ്പെന്നായിരുന്നു ആദ്യ സൂചന. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ കൂടുതലും മുസ്ലിം വിഭാഗങ്ങള്‍ക്കാണ് കിട്ടുന്നതെന്ന പരാതി ചില ക്രൈസ്തവ സഭാ അധ്യക്ഷന്മാര്‍ ഉന്നയിച്ചിരുന്നത് വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കാനുള്ള കാരണമാകാമെന്നും വിലയിരുത്തലുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top