News Desk

2021-02-09 10:29:39 am IST
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. 

ചെങ്കോട്ടയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഒളിവിലായിരുന്ന ഇയാളെ പഞ്ചാബില്‍ നിന്നും ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നടനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു.

ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ശേഷം ഒളിവില്‍ പോയ നടനെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളില്‍ ദീപ് സിദ്ദുവിന്റെ വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

ഒളിസങ്കേതത്തില്‍ സ്വയം ചിത്രീകരിച്ച വിഡിയോകള്‍ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ഷക നേതാക്കള്‍ക്കെതിരെയും ഡല്‍ഹി പൊലീസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച് ദീപ് സിദ്ദു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ വിദേശത്തു നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിനിടെ ദീപ് സിദ്ദുവിനെ കാണാതായതോടെ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, അക്രമ സംഭവങ്ങള്‍ക്ക് ശേഷം നടനെതിരെ ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. 

ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top