News Desk

2021-04-28 06:52:40 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

കേരളത്തില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ വേണ്ടെന്നാണ് സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനമെന്നും വരുന്ന ദിവസങ്ങളിലെ രോഗവ്യാപന സാഹചര്യം നോക്കി തുടര്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ അവസാനായുധമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്ന് കാസര്‍കോട് ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്റെ നീക്കം സുഗമമമാക്കാന്‍ എല്ലാ തലത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്സിജന്‍ ലഭിക്കാറുളളത്. ഇപ്പോള്‍ അതിന് ചില തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. 

ഓക്സിജന്‍ പോലുളള ഒന്നിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസ്സപ്പെടുന്നത് ശരിയായ രീതിയല്ല. കേരളം പാലക്കാട് നിന്ന് കര്‍ണാടകയിലേക്ക് ഓക്സിജന്‍ അയക്കുന്നുണ്ട്. അക്കാര്യത്തില്‍ തടസ്സമുണ്ടായിക്കിയിട്ടില്ല. അക്കാര്യം കര്‍ണാടകയുടെ ശ്രദ്ധയില്‍ പ്പെടുത്തും. അതോടൊപ്പം കാസര്‍കോട് അടക്കം ഓക്സിജന്‍ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓക്സിജന്റെ പ്രശ്നങ്ങള്‍ പ്രത്യേകമായി തന്നെ ഇന്ന് വൈകുന്നേരം ചര്‍ച്ച ചെയ്യുന്നുണ്ട്, മുഖ്യമന്ത്രി അറിയിച്ചു. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചില ജില്ലകളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അതു കുറച്ചുകൊണ്ടുവരാന്‍ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതി രൂപീകരിക്കും. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ഉണ്ടാകുക. കഴിഞ്ഞ വ്യാപന ഘട്ടത്തില്‍ വളണ്ടിയര്‍മാരും പോലീസും ഒന്നിച്ച് ഇടപെട്ടത് വലിയ ഫലം ചെയ്തിരുന്നു അത് ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top