News Desk

2021-09-22 09:17:14 pm IST

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ തള്ളേണ്ടതല്ല. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കി നാട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം വ്യാമോഹമായി തന്നെ അവസാനിക്കും. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

താടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്ന് കണക്കുകള്‍ വിവരിച്ച് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയായവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'2020-ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 4941 മയക്കുമരുന്ന് കേസുകളില്‍ 5422 പേരാണ് പ്രതികളായുള്ളത്. ഇവരില്‍ 2700 പേര്‍ (49.8 ശതമാനം) ഹിന്ദു മതത്തില്‍ പെട്ടവരാണ്. 1869 പേര്‍ (34.47 ശതമാനം) ഇസ്‌ലാം മതത്തില്‍ പെട്ടവരാണ്. 853 പേര്‍ (15.73 ശതമാനം) ക്രിസ്തുമതത്തില്‍ പെട്ടവരാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍ പെടുന്നവരാണെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല.', മുഖ്യമന്ത്രി പറഞ്ഞു.

'സ്‌കൂള്‍, കോളജ് തലങ്ങളില്‍ നാനാജാതി മതത്തില്‍പെട്ട വിദ്യാര്‍ഥികളുണ്ട്. ഇതിലാരെങ്കിലും മയക്കുമരുന്ന് കണ്ണികളായാല്‍ പ്രത്യേക മതത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. ഇത് വിദ്വേഷത്തിന് വിത്തിടുന്നതാകും. സമൂഹത്തിന്റെ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.

മതപരിവര്‍ത്തനം നടത്തി ഐ.എസിലും മറ്റും എത്തിക്കുന്നതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി പരിശോധിച്ച് യുവാക്കളില്‍ തീവ്രവാദ ആശയങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമായി നടത്തുന്നുണ്ട്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശവും അടിസ്ഥാനമില്ലാത്തതാണ്. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യം ഈ ഘട്ടത്തിലില്ല. പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് പാലാ ബിഷപ്പിന് പിന്തുണ നല്‍കാനല്ല. ആ അഭിപ്രായത്തെ പിന്തുണക്കുന്ന നിലപാടല്ല സര്‍ക്കാരിന്റെതെന്നും' മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനൊന്നും ഏതെങ്കിലും മതമില്ല. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്കയും അടിസ്ഥാന രഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന ആരോപണമുണ്ടായി. എന്നാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള മതസ്ഥരെ മതപരിവര്‍ത്തനം നടത്തി ഐ.എസിലും മറ്റും എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. അപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്.

2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നു പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരില്‍ അഞ്ചു പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസില്‍ ചേര്‍ന്നത്. 

അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും  ഐ.എസില്‍ ചേരുകയും ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ ഒന്നും.', മുഖ്യമന്ത്രി വ്യക്തമാക്കി. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top