News Desk

2021-03-17 07:00:02 pm IST
കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും അദ്ദേഹം പറഞ്ഞു. 

ഇത് ബി.ജെ.പിക്ക് നേട്ടമായിട്ടുണ്ട്. വടക്കന്‍ കേരളത്തിലായിരുന്നു സഖ്യം കൂടുതലെന്നും അദ്ദേഹം പറഞ്ഞു. 91-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.ഐ.എം ഉയര്‍ത്തിയതും എന്നാല്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതൃത്വം പാടെ നിഷേധിച്ചതുമായ ആരോപണമാണ് ബി.ജെ.പി നേതാവായ ഒ രാജഗോപാല്‍ സ്ഥിരീകരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

സി.പി.ഐ.എം അതിക്രമങ്ങള്‍ കൂടുതലുളള പ്രദേശങ്ങളിലായിരുന്നു ഇത്തരം കൂട്ടുകെട്ട് ഏറെയെന്നും പാര്‍ട്ടിക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ മറ്റ് പ്രദേശങ്ങളിലും ഇത്തരം സഖ്യമുണ്ടായിട്ടുണ്ടെന്നും രാജഗോപാല്‍ തുറന്നുസമ്മതിച്ചു. പ്രാദശിക തലത്തിലുളള ധാരണ നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.

എല്‍.ഡി.എഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാല്‍ പറഞ്ഞു. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലശങ്കര്‍ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്ന് രാജഗോപാല്‍ വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top