News Desk

2021-06-18 03:59:51 pm IST

ദോഹ: ഖത്തറിലെ ഡോക്ടര്‍മാര്‍, ആശുപത്രികള്‍ എന്നിവരുടെ സമൂഹമാധ്യമ ഉപയോഗത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഡോക്ടര്‍മാരുടെ സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നില്ലെങ്കിലും ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്. 

ഡോക്ടര്‍മാര്‍ക്കും ക്ലിനിക്കുകള്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുടെ പ്രവര്‍ത്തന മേഖലയിലെ വിവരങ്ങളും പങ്കുവെക്കാം. എന്നാല്‍, ഖത്തറില്‍ നിരോധിക്കപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളോ മറ്റോ സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെക്കാനോ രോഗികളുടെ വിവരങ്ങള്‍ പരസ്യമാക്കാനോ പാടില്ല. 

നോണ്‍ മെഡിക്കല്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യവും വിലക്കുന്നുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം അറിയിച്ചു.

ഡോക്ടര്‍മാര്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കുന്ന വിവരങ്ങള്‍ വസ്തുനിഷ്ഠവും കൃത്യതയുമുള്ളതായിരിക്കണമെന്നത് പരിഗണിച്ചാണ് മന്ത്രാലയം പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നത്.

പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

ഇസ്‌ലാമിക സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഹനിക്കും വിധമുള്ള ചിത്രങ്ങള്‍, വിഡിയോ, മറ്റ് എഴുത്തുകള്‍ എന്നിവയുള്ള പരസ്യങ്ങള്‍ പങ്കുവെക്കാന്‍ പാടില്ല

മെഡിക്കല്‍ പ്രഫഷന്റെ അന്തസ്സും ധാര്‍മികതയും ലംഘിക്കുന്നവിധത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെക്കരുത്

ആരോഗ്യ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അവരുടെ ലൈസന്‍സ്, സ്‌പെഷലൈസേഷന്‍, അക്കാദമിക് യോഗ്യത, രജിസ്‌ട്രേഷന്‍ എന്നിവ വ്യക്തമാക്കണം

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ വ്യക്തമാക്കണം

മന്ത്രാലയത്തിന്റെയോ ബന്ധപ്പെട്ട വകുപ്പിന്റെയോ അംഗീകാരമോ അനുമതിയോ ഉള്ള സേവനങ്ങളും ഉല്‍പന്നങ്ങളും മാത്രമേ പരസ്യപ്പെടുത്താന്‍ പാടുളളൂ. അതേസമയം, മെഡിക്കല്‍ ഇതരസേവനങ്ങള്‍ പരസ്യപ്പെടുത്താനോ പങ്കുവെക്കാനോ പാടില്ല

വാണിജ്യതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള മരുന്ന്, മറ്റ് മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവക്ക് പ്രചരണം നല്‍കാന്‍ പാടില്ല

ഡോക്ടറുടെയോ ക്ലിനിക്കിന്റെയോ സൗകര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിനായി രോഗിയുടെ ചികിത്സാ സമയത്തെ വിഡിയോ ഷൂട്ട്, ലൈവ് വിഡിയോ എന്നിവ പാടില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top