News Desk

2021-02-10 07:01:33 pm IST
ദോഹ: ഖത്തര്‍ കരാതിര്‍ത്തിയായ അബു സമ്രയിലൂടെയുള്ള വാണിജ്യ ചരക്ക് നീക്കം ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിബന്ധനകളോടെയാണ്  അതിര്‍ത്തിയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുക. ഇത്  സംബന്ധിച്ച നടപടിക്രമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സൗദി അറേബ്യയിലെ സാല്‍വ അതിര്‍ത്തിയ്ക്കും ഖത്തറിലെ അബു സമ്ര അതിര്‍ത്തിയ്ക്കും ഇടയില്‍ ഇറക്കുമതി ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാരും ഇറക്കുമതിക്കാരും പാലിക്കേണ്ട നടപടിക്രമങ്ങളും കസ്റ്റംസ് പ്രസ്താവനയില്‍ വിശദമാക്കിയിട്ടുണ്ട്. 

ചരക്കു നീക്കവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതര്‍ പുറത്ത് വിട്ട നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും...........

1. സൗദി അറേബ്യയിലെ സാല്‍വ അതിര്‍ത്തിയില്‍ നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ അതിര്‍ത്തിയില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പരിശോധനാ കേന്ദ്രത്തില്‍ നിന്ന് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.

2. അബു സമ്ര അതിര്‍ത്തി വഴി ചരക്ക് കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് ഖത്തറിലേക്ക് പ്രവേശനനുമതിയില്ല. അതിര്‍ത്തിയില്‍ സാധനങ്ങള്‍ ഇറക്കി, ഇറക്കുമതിക്കാരനോ അവരുടെ പ്രതിനിധിയോ പ്രാദേശിക ട്രക്കുകളിലേക്ക് ഈ സാധനങ്ങള്‍ മാറ്റണം.

3. അബു സമ്ര അതിര്‍ത്തിയില്‍ അണ്‍ലോഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ട്രക്കുകളും ഡ്രൈവര്‍മാരും സാല്‍വ അതിര്‍ത്തിയിലേക്ക് മടങ്ങണം.

4. അബു സമ്ര അതിര്‍ത്തി വഴി ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നവര്‍ അവിടെ ഇറക്കുന്ന സാധനങ്ങള്‍ കൊണ്ടുപോകാന്‍ പ്രാദേശിക ട്രക്കുകള്‍ ഏര്‍പ്പെടുത്തണം. അതിര്‍ത്തിയിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ട്രക്കുകള്‍ എത്തുന്ന തിയ്യതിയും ട്രക്കുകളുടെ എണ്ണവും അബു സമ്രയിലെ ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിക്കുകയും വേണം.

5. ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് നടപടിക്രമങ്ങള്‍ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് അതിര്‍ത്തിയില്‍ നടക്കുന്നതായിരിക്കും. അതിര്‍ത്തി കടത്താന്‍ നിയന്ത്രണമുള്ള ചരക്കുകള്‍ ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറന്‍സ് സിസ്റ്റം (അല്‍നദീബ്) വഴി അതാത് അതോറിറ്റികള്‍ക്ക് സമര്‍പ്പിക്കും. അവ സംബന്ധിച്ച് ഉചിതമായ തീരുമാനം അതോറിറ്റി എടുക്കുകയും ചെയ്യും.

6. അബു സമ്ര അതിര്‍ത്തി ദീര്‍ഘകാലം അടച്ചിട്ടിരുന്നതിനാല്‍ അവിടെ ഉണ്ടായിരുന്ന പ്രത്യേക ലബോറട്ടറികള്‍ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ അതിര്‍ത്തി വഴി എത്തുന്ന സാധനങ്ങളുടെ സാമ്പിളുകള്‍ രാജ്യത്തെ രജിസ്ട്രേഷന്‍ അതോറിറ്റികള്‍ പരിശോധിക്കും. പരിശോധനാ ഫലങ്ങളും ലബോറട്ടറിയുടെ വിശകലനങ്ങളും പുറത്തുവന്നാല്‍ മാത്രമേ ചരക്കുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.

7. അബു സമ്ര അതിര്‍ത്തിയില്‍ നിന്ന് സാല്‍വ അതിര്‍ത്തിയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നവര്‍ സൗദി കസ്റ്റംസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 

8. സൗദി അധികൃതരുടെ തീരുമാന പ്രകാരം ഖത്തറില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതോ ഖത്തര്‍ വഴി കയറ്റുമതി ചെയ്യുന്നതോ ആയ സാധനങ്ങള്‍ പ്രാദേശിക ട്രക്കുകളില്‍ വേണം അബു സമ്ര അതിര്‍ത്തിയില്‍ നിന്ന് സാല്‍വ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകാന്‍. 

9. ഈ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും എല്ലാം അബു സമ്ര തുറമുഖം വഴി മൃഗങ്ങളെ കയറ്റി അയയ്ക്കുന്നതിനും ബാധകമാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top