News Desk

2021-03-06 04:06:58 pm IST
തിരുവനന്തപുരം: എല്‍.ഡി.എഫ് ഇന്ന് നടത്തിയ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിനെതിരെ വിമര്‍ശനവുമായി കസ്റ്റംസ് കമ്മീഷ്ണര്‍. പോസ്റ്റര്‍ പതിച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും എന്നാല്‍ അത് വിലപ്പോകില്ലെന്നും കമ്മീഷ്ണര്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചു. അതേസമയം, കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് ആരോപിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്.

ഡോളര്‍ കടത്തിയതായി ആരോപിച്ചുള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മൂന്ന് മന്ത്രിമാര്‍, നിയമസഭ സ്പീക്കര്‍ എന്നിവരെ തെറ്റായി കുടുക്കാനുള്ള കസ്റ്റംസ് അധികൃതരുടെ ശ്രമത്തെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. കേന്ദ്ര ഏജന്‍സികളെ നാണമില്ലാതെ ദുരുപയോഗം ചെയ്യുകയാണ്. ഈ രാഷ്ട്രീയകുബുദ്ധി തിരിച്ചറിഞ്ഞ് കേരള ജനത ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും വൃത്തികെട്ട തന്ത്രങ്ങള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും പി.ബി പ്രസ്താവനയിലൂടെ പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top