News Desk

2022-01-16 10:13:53 pm IST
ആധുനിക കാലത്ത് മിക്കവരിലും കണ്ടുവരുന്ന നേത്രപ്രശ്‌നങ്ങള്‍ക്കാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നു പറയുന്നത്. ജോലിസംബന്ധമായോ അല്ലാതെയോ കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്കുമുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന 60 മുതല്‍ 80 ശതമാനത്തോളം ആളുകള്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. എത്രമണിക്കൂര്‍ നിങ്ങള്‍ കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ നേത്രപ്രശ്‌നങ്ങള്‍ കൂടിയും കുറഞ്ഞുമിരിക്കും. 

ജോലിയുടെ ഭാഗമായി മാത്രമല്ല, ഇന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായതോടെ കുട്ടികളും ധാരാളം സമയം കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നുണ്ട്. മാറിയ ലോകത്തെ ജിവിതശൈലിയുടെ ഭാഗമായാണ് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്‌ഫോണുകളുടെയുമെല്ലാം അമിതമായ ഉപയോഗം. കൊവിഡ് ലോക്ഡൗണ്‍ ഇതിന്റ ഉെപയോഗം ഇരട്ടിയാക്കുകയും ചെയ്തു. 

ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഇ-റീഡറുകള്‍, ടെലിവിഷന്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ അത് കണ്ണുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്, ''ന്യൂഡല്‍ഹി വിഷന്‍ ഐ സെന്ററിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.തുഷാര്‍ ഗ്രോവര്‍ പറയുന്നു.

വര്‍ദ്ധിച്ച സ്‌ക്രീന്‍ ടൈം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പലവിധ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയാം. കണ്ണുകള്‍ക്ക് അസ്വസ്ഥത, തലവേദന, കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുകയോ, വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്ന അവസ്ഥ, കണ്ണുകളിലെ വരള്‍ച്ച, കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വേദന... ചിലപ്പോള്‍ ഇത് ഉറക്ക രീതികളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാനും ഏകാഗ്രത നഷ്ടപ്പെടാനുമൊക്കെ കാരണമാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


അതേസമയം, ഏറെ നേരം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ ചെലവഴിക്കുന്നത് പതിയെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം അഥവാ 'ഡിജിറ്റല്‍ ഐ സ്‌ട്രെയിനിലേക്ക് നയിക്കും. കണ്ണുകളുടെ സാധാരണ ചലനത്തിന് പുറമെ, കമ്പ്യൂട്ടറിലോ മറ്റ് ഡിജിറ്റല്‍ സ്‌ക്രീനുകളിലോ ഫോക്കസ് ചെയ്യുന്നതിനും ഫോക്കസ് മാറ്റാനും വീണ്ടും ഫോക്കസ് ചെയ്യുന്നതുമൊക്കെ കണ്ണിന്റെ പേശികള്‍ക്ക് അമിത അധ്വാനം നല്‍കുന്ന പ്രക്രിയകളാണിത്, കണ്ണിന്റെ കാഴ്ചാസംവിധാനത്തെയും അത് ബാധിക്കും.

'സ്‌ക്രീനിന്റെ തിളക്കം, ദൃശ്യതീവ്രത എന്നിവയൊക്കെ കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസവും അസ്വസ്ഥതയുമുണ്ടാക്കുന്നു. മാത്രമല്ല, നമ്മള്‍ സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കുമ്പോള്‍, കണ്ണു ചിമ്മിയടക്കുന്ന പ്രക്രിയയും കുറയും, ഇത് കണ്ണ് വരണ്ടതാവാന്‍ കാരണമാവും. നാല്‍പ്പതുകളോട് അടുത്ത ആളുകളില്‍ പ്രത്യേകിച്ച് അവരുടെ സ്വാഭാവികമായ കാഴ്ചയില്‍ ചെറിയ പ്രശ്‌നങ്ങള്‍ വന്നു തുടങ്ങുന്ന സമയമായതിനാല്‍ തന്നെ, തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ക്ക് കൂടുതല്‍ പ്രയത്‌നം ആവശ്യമായി വരുന്നു,'' ഡോ.തുഷാര്‍ ഗ്രോവര്‍ വിശദീകരിച്ചു.

കണ്ണട ധരിക്കുന്നവരിലും ഡിജിറ്റല്‍ സ്‌ക്രീനുകളുടെ അമിത ഉപയോഗം പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കണ്ടുപിടിക്കപ്പെടാത്തതോ അല്ലെങ്കില്‍ പരിഹരിക്കപ്പെടാത്തതോ ആയ കാഴ്ച പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ കണ്ണട, ലെന്‍സുകള്‍ എന്നിവ ധരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ രീതിയിലുള്ള കണ്ണടയുടെ ഉപയോഗം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

പരിഹാരം എന്തെല്ലാം: 

'സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യപടി. താരതമ്യേന വലിയ ഡിസ്പ്ലേ ഉള്ള കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്നതും കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കും. കമ്പ്യൂട്ടറോ മറ്റു സ്‌ക്രീനുകളോ നിങ്ങളുടെ കണ്ണുകളില്‍ നിന്നും ഒരു നിശ്ചിത അകലത്തില്‍ വയ്ക്കുക. സ്‌ക്രീനുമായി ഒരു കൈ അകലമെങ്കിലും ഉണ്ടായിരിക്കുന്നതാണ് ഉചിതം. കൂടുതല്‍ നേരം സ്‌ക്രീനിനു മുന്നില്‍ ചിലവഴിക്കുന്നവര്‍ അള്‍ട്രാവയലറ്റ് പരിരക്ഷയുള്ളതും നീല രശ്മികള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതുമായ ഗ്ലാസുകളോ ലെന്‍സുകളോ ഉപയോഗിക്കുക.

ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ട ഒരു കാര്യം, 20-20-20 നിയമം പാലിക്കണം എന്നതാണ്. അതായത്, ഓരോ 20 മിനിറ്റിലും, സ്‌ക്രീന്‍ ഉപയോഗിക്കുന്നയാള്‍ കുറഞ്ഞത് ഇരുപത് സെക്കന്റെങ്കിലും കണ്ണുകള്‍ സ്‌ക്രീനില്‍ നിന്നും മാറ്റി 20 അടി അകലേക്ക് നോക്കണം. ഇത് പതിവാക്കുന്നത് കണ്ണുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കും,'' ഡോ.തുഷാര്‍ ഗ്രോവര്‍ നിര്‍ദേശിക്കുന്നു. 

കൊവിഡിനെ തുടര്‍ന്ന് ആളുകള്‍ വീടിനകത്ത് കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 23% പേര്‍ക്ക് കാഴ്ചശക്തി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കാന്‍ കഴിയില്ലെങ്കിലും, കണ്ണിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCHTop