News Desk

2021-05-02 05:03:15 pm IST
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ യു.ഡി.എഫ്. നിലവില്‍ 41 സീറ്റിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. ഈ നില തുടര്‍ന്നാല്‍ 2016-ലേതിനേക്കാള്‍ ദയനീയ തോല്‍വിയാണ് യു.ഡി.എഫിനു നേരിടേണ്ടി വരിക. ഇത് യു.ഡി.എഫിനകത്ത് തന്നെ പൊട്ടിത്തെറികള്‍ക്ക് കാരണമാകും. 

മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് ദയനീയ പരാജമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ മുസ്ലിം ലീഗിന് തങ്ങളുടെ കോട്ടകള്‍ വലിയ പോറലേല്‍ക്കാതെ സംരക്ഷിക്കാനായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി തന്ന ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ഇത്തവണയും യു.ഡി.എഫിന്റെ മുഖ്യപ്രചാരണായുധമായിരുന്നു. രണ്ടും കേരള ജനത തള്ളുന്ന കാഴ്ചയാണ് കണ്ടത്. 

2016-ല്‍ യു.ഡി.എഫിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സോളാര്‍ ആരോപണത്തിന് സമാനമായി യു.ഡി.എഫിന് കിട്ടിയ ആയുധമായിരുന്നു സ്വര്‍ണക്കടത്ത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഈ ആരോപണത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ട് പോലും യു.ഡി.എഫിന് അത് വോട്ടാക്കാന്‍ പറ്റിയില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതിന്റെ നേട്ടം മനസ്സിലാക്കി രാഹുലിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിക്കാന്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. ഒട്ടുമിക്ക മണ്ഡലങ്ങളിലും രാഹുല്‍ എത്തുകയും ചെയ്തു. എന്നാല്‍ അതൊന്നും ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ജനകീയത കുറയ്ക്കാനായില്ല.

അതേസമയം, പ്രതിപക്ഷ നേതാവെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങളാണ് രമേശ് ചെന്നിത്തലയ്ക്ക് നേരിടേണ്ടി വരിക. നേരത്തെ ഉപതെരഞ്ഞെടുപ്പുകളിലേയും തദ്ദേശ തെരഞ്ഞെടുപ്പിലേയും തോല്‍വിയില്‍ ചെന്നിത്തലയുടെ നേതൃസ്ഥാനം സംബന്ധിച്ച് നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടതാണ്. 

സര്‍ക്കാരിനെ പല തവണ പ്രതിക്കൂട്ടിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയേയും മുന്നണിയേയും തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനുള്ള കരുത്ത് അദ്ദേഹത്തിനില്ലെന്നതാണ് ചെന്നിത്തല നേരിടുന്ന വെല്ലുവിളി.

ഭരണം കിട്ടാതെ പാര്‍ട്ടിക്ക് നിലനില്‍പ്പില്ലെന്ന ഘട്ടത്തില്‍ ചെന്നിത്തലയുടെ ഈ പോരായ്മ മനസ്സിലാക്കിയാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നിലേക്ക് എത്തിച്ചത്. എന്നാല്‍ അര നൂറ്റാണ്ടുകാലും പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിക്ക് സ്വന്തം മണ്ഡലത്തില്‍ പോലും ജനകീയത നഷ്ടമായെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. 

മുല്ലപ്പള്ളി രാമചന്ദ്രന്റെ കെ.പി.സി.സി അധ്യക്ഷ പദവിയും തെറിക്കുമെന്നുറപ്പായി. സ്ഥാനാര്‍ഥിത്വം നല്‍കി മുല്ലപ്പള്ളിയെ നീക്കി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. 

തെരഞ്ഞെടുപ്പ് ഫലത്തോടെ സുധാകരന് ഈ പദവിയിലേക്കുള്ള വഴി എളുപ്പമായി. സുധാകരനും വി.ഡി സതീശനടക്കമുള്ള യുവ നേതൃത്വത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരികയല്ലാതെ ഇനി കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top